തളിപ്പറമ്പ്: ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഗ്രാമങ്ങളില്‍ ഏകാധിപത്യം നടപ്പിലാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും രാഷ്ട്രീയ സഹിഷ്ണുതയോ ഭിന്നസ്വരങ്ങളെ ശ്രവിക്കാനുള്ള മര്യാദയോ കാണിക്കാതെ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി സിപിഎം മാറിയെന്നും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. പട്ടുവം മുള്ളൂല്‍ എല്‍പി സ്കൂളിന് സമീപം യുഡിഎഫ് പട്ടുവം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.
രാഷ്ട്രീയ സഹിഷ്ണുതയും സന്മനോഭാവവും നഷ്ടപ്പെട്ട സിപിഎം അണികള്‍ തങ്ങളേക്കാള്‍ വലിയ ഫാസിസ്റ്റുകളെ കാണുമ്പോള്‍ അവരെ വാരിപ്പുണരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് ബിജെപിയിലേക്ക് ഒഴുകാന്‍ ഈ നയമാണ് കാരണമെന്നും പാച്ചേനി പറഞ്ഞു.
പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയര്മാന് കെ.ഹാമീദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, രാജീവന് കപ്പച്ചേരി, പി.പി.മുഹമ്മദ് കുഞ്ഞി, സി.നാരായണന്, അലി മംഗര, പി.നാരായണന്, പി.പി.സുബൈര്‍, കെ.നാസര്‍, ടി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.