തുറവൂർ: ബിജെപി-സിപിഎം സംഘർഷത്തിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. തുറവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് കുമാർ (45), ബിജെപി പ്രവർത്തകൻ വളമംഗലം വടക്ക് ആലത്തുരുത്ത് വീട്ടിൽ ഗിരിഷ് (40)എന്നിവർക്കാണ് ഇന്നലെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം മുന്നോടെയാണ് സംഘർഷത്തിനു തുടക്കം. ഓട്ടോ ഡ്രൈവറായ ഗിരീഷ് തുറവുർ തിരുമല ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുന്പോൾ അതുവഴി വരികയായിരുന്ന തുറവുർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് കുമാറിന്റെ കാറിൽ ഉരസി. ഇതേത്തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഏറ്റുമുട്ടുകയും ചെയ്തു.
പരിക്കേറ്റ ഇരുവരേയും തുറവുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ സിപിഎം പ്രവർത്തകർ ആശുപത്രിയിൽ വച്ച് ഗിരീഷിനെ വീണ്ടും മർദിച്ചു. ഈ സമയം ബിജെപി പ്രവർത്തകർ പ്രകടനമായി തുറവൂർ ആശുപത്രിയിൽ എത്തുകയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ചെയ്തു.
മണിക്കുറുകളോളം ഈ സംഘർഷാവസ്ഥ തുടർന്നു. ദേശിയ പാതയുടെ കിഴക്കുഭാഗത്ത് ബിജെപി പ്രവർത്തകരും ആശുപത്രിയുടെ ഉള്ളിൽ സിപിഎം പ്രവർത്തകരും പരസ്പരം പോർവിളികളുമായി നിലയുറപ്പിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടൽ വൻ സംഘർഷം ഒഴിവാക്കി.
ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് പോലീസ് മാറ്റി. ആശുപത്രി യുടെ ഉള്ളിൽ നിലയുറപ്പിച്ച സിപിഎം പ്രവർത്തകരെ പോലീസ് അകന്പടിയിൽ ഏരിയാകമ്മറ്റി ഓഫീസിലേയ്ക്ക് മാറ്റി. ചേർത്തല ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വോത്തിൽ വൻ പോലീസ് സംഘം പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.