കോട്ടയം: പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ കോട്ടയം ജില്ലയില്‍ പകുതിയിലേറെ പിന്നിടുമ്പോള്‍ പ്രധാന ചര്‍ച്ച പി.വി. അന്‍വര്‍ എംഎല്‍എ പുറത്തുവിട്ട ബോംബും പി. ശശിക്കെതിരേയുള്ള ആരോപണങ്ങളുമാണ്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തുടരുന്ന മൗനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും ബ്രാഞ്ച് സമ്മേളനങ്ങളിലെ തീപാറുന്ന ചര്‍ച്ചകളായി മാറി.
ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉദ്ഘാടകരായി എത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ മണിക്കൂറുകളോളമാണു ചര്‍ച്ചകള്‍ നീളുന്നത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാര്‍ഷ്ട്യവും ദോഷകരമാകുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഒരു മൈക്ക് കേടായാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എന്തിനാണ് ഇത്ര ചൂടാകുന്നതെന്നാണ് പാലായിലെ ഒരു ബ്രാഞ്ച് സമ്മേളനത്തിലുയര്‍ന്ന ചോദ്യം.
പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരേയും കടുത്ത വിമര്‍ശനമാണുയരുന്നത്. മന്ത്രിമാരായ വീണാ ജോർജ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവര്‍ക്കെതിരേയും വിമര്‍ശനങ്ങളുണ്ട്. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തിയാണ് പ്രതിനിധികള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിക്കുന്നത്.
പി. ശശിയെ പോലെയുള്ളവരെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ച സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ച പ്രതിനിധികള്‍ എഡിജിപി അജിത്കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.സാധാരണക്കാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസ് സ്റ്റേഷനില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നും ബിജെപിയുടെ ഏജന്റുമാരെ പോലെയാണ് പോലീസ് ഇടപെടുന്നതെന്നും സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയാണമെന്നുവരെ സമ്മേളനങ്ങളില്‍ ആവശ്യമുയര്‍ന്നു. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ലഭിക്കാത്തത്, പെന്ഷന് മുടക്കം, കെട്ടിടനികുതി വര്‍ധനവ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനെ ശരിക്കും കുടയുകയാണ് സമ്മേളന പ്രതിനിധികള്‍.
ജില്ലയിലെ ചില നേതാക്കളുടെ ആഡംബര ജീവിതവും പാലായിലെ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി പലയിടത്തും സമ്മേളന പ്രതിനിധികള്‍ മേല്‍തട്ടിലെ നേതാക്കളെ നിര്‍ത്തിപ്പൊരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്റെ പരാജയം എല്ലാ സമ്മേളനങ്ങളിലും ചര്‍ച്ചയായി.
നവകേരള സദസിന്റെ ഭാഗായി പാലായിലെത്തിയ മുഖ്യമന്ത്രി ചാഴികാടനെ വിമര്‍ശിച്ചത് ദോഷമായെന്നാണ് ബ്രാഞ്ച് സമ്മേളനത്തിലെ മറ്റൊരു പ്രധാന വിമര്‍ശനം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും ചര്‍ച്ചയാകുന്നുണ്ട്.
85 ശതമാനം സമ്മേളനവും പൂര്‍ത്തിയാകുമ്പോള്‍ പലയിടത്തും യുവജനങ്ങളായ ആളുകള്‍ സെക്രട്ടറിമാരായി. വനിത സെക്രട്ടറിമാരുടെ എണ്ണവും കൂടി.
ഒക്ടോബര്‍ ഒന്നു മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. ഡിസംബറിലാണ് ഏരിയാ സമ്മേളനം. ജനവുരി മൂന്നു മുതല്‍ അഞ്ചുവരെ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം.