മുടിക്ക് പിടിച്ച് കുമ്പിട്ട് നിര്‍ത്തി നാഭിക്ക് തൊഴിച്ചു! അസഹ്യമായ വേദനയോടെ നാലാം ദിനം ഗര്‍ഭം അലസി; വാര്‍ഡില്‍ തന്നെ പ്രസവിക്കേണ്ടി വന്നു, നല്ലൊരാണ്‍ കൊച്ചായിരുന്നു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തിനിരയായ ജ്യോത്സന പറയുന്നു

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ വീടാക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ടവരാരും ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലെന്നതും ഏറെ വിവാദമായിരുന്നു. ജ്യോത്സനയ്ക്കും ഭര്‍ത്താവ് സിബി ചാക്കോയ്ക്കും രണ്ടു മക്കള്‍ക്കുമാണ് അയല്‍വാസി പ്രജീഷില്‍ നിന്നും സംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദനമേറ്റത്. അന്ന് നടന്നതിനെക്കുറിച്ച് കോടഞ്ചേരി വേളംകോട് തേനം കുഴി സിബി ചാക്കോയുടെ ഭാര്യ ജ്യോല്‍സന ഇക്കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. നേരത്തെ തന്നെ അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. സര്‍വെയര്‍ വന്നു നോക്കി തിട്ടപ്പെടുത്തിയതിന്റെ ഫലമായി അയല്‍വാസിയായ പ്രജീഷ് അനധികൃതമായി കയ്യേറിയ സ്ഥലം നഷ്ടപ്പെട്ടതിന്റെ അരിശമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ തുടര്‍ച്ചയെന്നോണം ജനുവരി 28ന് അങ്ങാടിയില്‍ വെച്ച് സിബിയും പ്രജീഷുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നുവെന്നും തിരിച്ച് വീട്ടില്‍ വന്ന തന്നെ പ്രജീഷ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ വേണ്ടി ഫോണിലൂടെ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയും ചെയ്തു. ഈ സമയം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞെങ്കിലും വണ്ടിയില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ശേഷം പ്രജീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയും സംഘവും കൂടി ആക്രമിച്ചു.

പ്രജീഷിന്റെ അമ്മ സരസമ്മയാണ് അക്രമികള്‍ക്ക് തന്റെ ഭാര്യയെ ആക്രമിക്കാന്‍ പ്രചോദനം നല്‍കിയതെന്ന് സിബി പറയുന്നു. അവന് കൊടുത്തത് മതി, ഇനി ഇവള്‍ക്കും രണ്ടെണ്ണം കൊടുക്കെടാ ‘ എന്നാക്രോശിച്ചതോടെ അക്രമി സംഘം ജ്യോല്‍സനക്ക് നേരെ തിരിയുകയും നാഭിക്കും മറ്റും ചവിട്ടുകയുമായിരുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മക്കളായ മെറിന്‍ (7), ആന്തരേസ (മൂന്നര) എന്നിവരെ എടുത്തെറിഞ്ഞു. ഇതില്‍ മെറിന്ന് വാരിയെല്ലിന് ക്ഷതവും കല്ലില്‍ തട്ടിയതിനാല്‍ ആന്തരേസക്ക് തലക്കും ക്ഷതമേറ്റു. ഹോസ്പിറ്റലിലേക്ക് പോകും വഴി ‘പാര്‍ട്ടി പറയുന്നതിനപ്പുറം നില്‍ക്കാന്‍ നീ ആരെടാ?ഏതായാലും നീ കേസിന് പോകും,വീട്ടില്‍ വെച്ച് മാത്രമല്ല ഇവിടുന്നും കൂടെ കിടക്കട്ടെ എന്നാക്രോശിച്ച് വീണ്ടും ആക്രമിച്ചു.

ഭാര്യാമാതാവിനെയും സുഹൃത്തുക്കളെയും കൂട്ടി താമരശ്ശേരി ഹോസ്പിറ്റലില്‍ പോയി. അഡ്മിറ്റ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി ഭാര്യക്ക് രക്തസ്രാവമുണ്ടായി. ഡോക്ടറെ കാണിച്ച് ഇഞ്ചക്ഷന്‍ എടുത്തെങ്കിലും ചവിട്ടേറ്റ കാരണത്താല്‍ ഗര്‍ഭപാത്രത്തിന് ചതവും പ്ലാസന്റേയില്‍ രക്തം കട്ടപിടിക്കുകയും ചെയ്തതിനാല്‍ കുട്ടിക്ക് ഭക്ഷണം കിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. നാലാം ദിവസം കടുത്ത വേദന അനുഭവപ്പെട്ട ജ്യോല്‍സന വാര്‍ഡില്‍ വെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി അടക്കം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ അടക്കം ചെയ്യേണ്ടി വന്നു.

മര്‍ദനം മൂലം തന്റെ പല്ലുകളിളകിയെന്നും ഡയഫ്രമിന് തകരാറും ദേഹമാസകലം മുറിവുകളുണ്ടായെന്നും സിബി പറഞ്ഞു. പ്രതികളായ ഏഴംഗ സംഘത്തെക്കുറിച്ച് കോടഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പിടിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചു. ബ്രാഞ്ച് സെക്രട്ടറിയെ ലിസ്റ്റില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും സമീപിച്ചു. എന്നാല്‍ പ്രതികള്‍ പിടികൂടപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്ന ഉറച്ച നിലപാടെടുത്തെന്നും സിബി പറഞ്ഞു.

 

Related posts