ചേർത്തല: സിപിഎം എക്സറേ ലോക്കൽ കമ്മിറ്റി സെക്രട്ടറിടയക്കം ഏഴു പേർക്കെതിരേ നടപടിയെടുക്കാൻ സിപിഎം ചേർത്തല ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ ഏരിയാ കമ്മിറ്റിയുമായി കലഹിച്ചു രാജി സമർപ്പിച്ചവർക്കെതിരേയാണു നടപടി.
പാർട്ടി അച്ചടക്കം ലംഘിച്ചു വെല്ലുവിളി ഉയർത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. നടപടിക്കു വിധേയരായവർ പഴയ പിണറായി പക്ഷത്തിലുൾപ്പെട്ടവരാണ്. നിലവിൽ ഒൗദ്യോഗിക പക്ഷത്തിനാണ് ഏരിയാ കമ്മിറ്റിയിൽ മേധാവിത്തം.
ലോക്കൽ സെക്രട്ടറിയായിരുന്ന പി.ടി സതീശൻ, മുനിസിപ്പൽ കൗണ്‍സിലർമാരായ രത്നവല്ലി, എം.പി. മനോജ്, മറ്റംഗങ്ങളായ എസ്.ജി രാജു, ജി. സൈജു, സുനിൽകുമാർ, കൃഷ്ണൻകുട്ടി എന്നിവർക്കെതിരെയാണു നടപടി. വ്യാഴാഴ്ച ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
ഒരു വിഭാഗം നടപടി വേണ്ടെന്നു വാദിച്ചെങ്കിലും ഒൗദ്യോഗിക പക്ഷം നടപടിയിൽ ഉറച്ചു നിൽക്കുയായിരുന്നു. 14 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്നും പകുതി പേരും രാജിവച്ചത് പാർട്ടിക്കുള്ളിൽ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഏരിയാ കമ്മിറ്റി പ്രത്യേക ലോക്കൽകമ്മിറ്റി യോഗം വിളിച്ച് ലോക്കൽ സെക്രട്ടറിയായി ഏരിയാ കമ്മിറ്റിയംഗത്തെ നിയോഗിച്ചിരുന്നു.
ലോക്കൽ കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥികളെ മാറ്റി ഏരിയാകമ്മിറ്റി സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ പ്രതിഷേധമുയർത്തിയായിരുന്നു സെക്രട്ടറിയടക്കം ഏഴുപേർ ഏരിയാകമ്മിറ്റിക്കും ജില്ലാകമ്മിറ്റിക്കും രാജി നൽകിയത്. ജില്ലാ സെക്രട്ടറിക്കു പുറമെ സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, സെക്രട്ടേറിയേറ്റംഗങ്ങളായ കെ. പ്രസാദ്, മനു സി. പുളിക്കൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.