തളിപ്പറമ്പ്: സിപിഎമ്മിൽ ലയിച്ച സിഎംപി അരവിന്ദാക്ഷൻ വിഭാഗത്ത് ഒടുവിൽ സ്ഥാനമാനങ്ങൾ നല്കി സിപിഎം. അരവിന്ദാക്ഷൻ വിഭാഗം സിഎംപി ക്കാരെ സിപിഎമ്മിൽ പ്രവേശിപ്പിക്കാത്തത് ലയിച്ച സിഎംപി ക്കാരിൽ കടുത്ത അതൃപ്തി ഉണ്ടാക്കായിരുന്നു.
ഏറെ നാളത്തെ മുറവിളിക്ക് ശേഷം തളിപ്പറമ്പ് ഏരിയാ സി എം പി സെക്രട്ടറിയായിരുന്ന പി.പി.മോഹനനെ പരിയാരം ലോക്കൽ കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദശാബ്ദങ്ങളോളം തളിപ്പറമ്പിൽ സിഎംപിയെ നയിച്ച മികച്ച സംഘാടകനും പൊതു പ്രവർത്തകനുമായ മോഹനനെ ഏരിയാ കമ്മറ്റി അംഗമായി ഉൾപ്പെടുത്തണമെന്ന പഴയ സി എം പി ക്കാരുടെ ആവശ്യം നിരാകരിക്കപ്പെട്ടതിൽ പാർട്ടി ജില്ലാ കമ്മറ്റിയെ അവർ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
പ്രതിഷേധങ്ങൾക്കിടയിലും പി.പി.മോഹനൻ കഴിഞ്ഞ ദിവസം പരിയാരം ലോക്കൽ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പ്രമുഖ നേതാവും സി എം പി ജില്ലാ സെക്രട്ടറിയുമായിരുന്ന സി.കെ.നാരായണനെ ആരോഗ്യപരമായ കാരണങ്ങളാൽ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.