ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ. അഴിമതികൾക്കെതിരെ എന്നും ശക്തമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് സിപിഎം അഴിമതി നടത്തുന്നവരേയും അതിനു കൂട്ടു നിൽക്കുന്നവരെയും വച്ചു പൊറുപ്പിക്കുന്ന കീഴ് വഴക്കം സിപിഎമ്മിനില്ല.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആദ്യം തന്നെ പോലീസ് വിജിലൻസ് അന്വേഷണം തന്നെ വേണമെന്നും ബാങ്ക് ഭരണ സമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടത് സിപിഎമ്മാണ്. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശമനുരിച്ചാണ് അത്തരത്തിൽ മാവേലിക്കര ഏരിയാ കമ്മറ്റിയുടെ പ്രസ്താവന നടത്തിയതും. വസ്തുതകൾ അതായിരിക്കെ മറിച്ചുള്ള പ്രചാരണങ്ങൾക്കു പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് സജി ചെറിയാൻ ആരോപിച്ചു.
ഇപ്പോൾ പുറത്തു വന്ന അഴിമതിയുടെ വിവരങ്ങൾ മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ ഈ ബാങ്കുമായി ബന്ധപ്പെട്ടു നടന്ന എല്ലാ അഴിമതികളുടെയും വിവരങ്ങൾ പുറത്തു കൊണ്ടുവരാനുള്ള അന്വേഷണമാണ് സിപിഎം ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ ബാങ്കിന്റെ എല്ലാ ശാഖകളിലും എല്ലാ മേഖലകളിലും പോലീസ് വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ അനിവാര്യമാണ്.
ഇവിടെ നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഓരോ ജീവനക്കാരെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തണം. അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതിനുവേണ്ടി ഗവണ്മെന്റിനോട് ശക്തമായ ഇടപെടൽ തന്നെ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും സജി ചെറിയാൻ പറഞ്ഞു.