അന്തിക്കാട് : സിപിഐക്കാരാനായ കൃഷിമന്ത്രിയുടെ നാട്ടിൽ പാടശേഖര സമിതിയിലെ സിപിഐ ക്കാരനായ പ്രസിഡന്റിനെ സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. പാടശേഖര സമിതിയിലേക്ക് കഴിഞ്ഞ 14 ന് തെരഞ്ഞെടുത്ത സിപിഐ യിലെ സക്കീർ ഹുസൈനിനെതിരെയാണ് ഇന്നലെ ചേർന്ന ഭരണ സമിതിയിൽ സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്.
41 അംഗ ഭരണ സമിതിയിൽ 27 അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ പ്രമേയം പാസ്സായി. പാടശേഖരത്തിലെ അഞ്ചു പടവുകളെ കേന്ദ്രീകരിച്ചാണ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റായി തിരഞ്ഞെടുത്തയാൾക്ക് രേഖ പ്രകാരം നൽകിയ പടവിൽ കൃഷി ഭൂമിയില്ല. ബന്ധുവിന്റെ കൃഷി ഭൂമി കാണിച്ച് പാടശേഖര കമ്മിറ്റിയെയും പൊതുയോഗത്തേയും തെറ്റിദ്ധരിപ്പിച്ചാണ് കമ്മിറ്റിയിൽ കയറിയതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്.
കഴിഞ്ഞ ഏഴു വർഷം ഭരണ സമിതിയിലുണ്ടായിരുന്ന ഇയാൾ ഇത്രയും കാലം തെറ്റി ദ്ധരിപ്പിച്ചാണ് കമ്മിറ്റിയിൽ കഴിഞ്ഞിരുന്നതെന്നും ഇതു സംബന്ധിച്ച് പരാതി ഉയരുകയും അക്കാര്യം പരിശോധിക്കുകയും ചെയ്തപ്പോഴാണ് അർഹതയില്ലാത്ത പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ടതെന്നും എന്നാൽ സ്ഥാനം ഒഴിയാൻ തയാറാകാതെ വന്നതോടെ അവിശ്വാസ പ്രമേയം കൊണ്ട് വന്നതെന്നുമാണ് സിപിഎം -കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
സിപിഐയിലെ മറ്റു 13 അംഗങ്ങളിൽ ആരെയും പ്രസിഡന്റാക്കുന്നതിൽ വിരോധമില്ലെന്നും നേതാക്കൾ പറഞ്ഞു. അതേ സമയം ജനറൽ കൗണ്‍സിൽ തെരഞ്ഞെടുത്ത പ്രസിഡന്റിനെ മാറ്റാൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും കളക്ടർക്കോ പുഞ്ച സ്പെഷൽ ഓഫിസർക്കോ മാത്രമാണ് ഇതിന് അധികാര മെന്നും നിലവിലെ പ്രസിഡന്റിന് അന്തിക്കാട് പാടശേഖരത്തിൽ ഒരു ഏക്കർ കൃഷി ഭൂമിയുണ്ടെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
ഇവരുടെ അനുമതിയില്ലാതെ പ്രസിഡന്റിനെ നീക്കം ചെയ്യണമെന്ന ഇന്നത്തെ യോഗത്തിന്റെ അജണ്ട സി പി ഐ അംഗങ്ങൾ എതിർത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു വെന്ന് നേതാക്കൾ പറഞ്ഞു. അതിനിടെ പടവ് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്ക് നൽകാത്തതിനെയും ഇതിനെ ചോദ്യം ചെയ്ത മുതിർന്ന അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തിരെയും പാടശേഖര കമ്മിറ്റി അന്തിക്കാട് പൊലിസിൽ പരാതി നൽകി.
അന്തിക്കാട് പാടശേഖരത്തിലെ വിതയിറയ്ക്കൽ 25നകം പൂർത്തിയാക്കുമെന്നും ഇതു സംബന്ധിച്ച് കർഷക്ക് ആശങ്ക വേണ്ടെന്നും പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത ഇ.ജി. ഗോപാലക്യഷ്ണൻ, സെക്രട്ടറി ടി.എ. ജോഷി, എൻ.ജി. സുഗുണ ദാസ് എന്നിവർ അറിയിച്ചു.