അരുൺ പ്രസന്നൻ
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾ അനൗദ്യോഗികമായി ആരംഭിച്ചതോടെ കോട്ടയത്തെ സീറ്റു വിഭജനത്തിൽ ഇടതുമുന്നണി ധാരണയിലെത്തിയെന്നു സൂചന.
പാലാ ഉൾപ്പടെയുള്ള സീറ്റുകൾ കേരള കോൺഗ്രസ് -എമ്മിനു നൽകും. ഇതിനു പിന്നാലെ ജില്ലയിൽ തർക്കമുയർന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ഈ സീറ്റും കേരള കോൺഗ്രസിനു നൽകുമെന്നാണ് വിവരം.
ഇടതു മുന്നണിയിൽ നിലവിൽ സിപിഐയുടേതാണ് സീറ്റ്. എന്നാൽ, ഈ സീറ്റിൽനിന്നു കഴിഞ്ഞ മൂന്നു തവണയായി ജയിക്കുന്ന കേരള കോൺഗ്രസ് -എമ്മിലെ ഡോ.എൻ. ജയരാജിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നാണ് അവരുടെ ആവശ്യം.
സിപിഎം ഇതിനെ പിന്തുണയ്ക്കുന്നു. ഇതോടെ, സിപിഐ വഴങ്ങിയേക്കുമെന്നാണ് ഒടുവിലെ സൂചന. സിപിഐക്കു പകരമായി പൂഞ്ഞാർ സീറ്റ് നൽകാനാണ് ആലോചന.
എൻസിപി തീരുമാനം
അതേസമയം, എൻസിപി ഇടതിൽ തുടരാൻ തീരുമാനിക്കുകയും പാലായ്ക്കു പകരം പൂഞ്ഞാർ സ്വീകരിക്കാൻ തയാറാവുകയും ചെയ്താൽ കാര്യങ്ങൾ പിന്നെയും കീറാമുട്ടിയാകും.
ജില്ലയിൽ സിപിഐക്കു നൽകാൻ പര്യാപ്തമായ മറ്റൊരു സീറ്റില്ല. അങ്ങനെ വന്നാൽ മറ്റേതെങ്കിലും ജില്ലയിൽ പകരം സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം.
ഇതിനിടെ, കാഞ്ഞിരപ്പള്ളി സീറ്റിൽ തങ്ങൾ തന്നെ മത്സരിക്കുമെന്നും മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും സിപിഐ കോട്ടയം ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെന്നും അവർ പറയുന്നു.
ചങ്ങനാശേരിയിലും ചർച്ച
കോട്ടയം ജില്ലയിൽ സിപിഎം കൈവശം വച്ചു പോരുന്ന ചങ്ങനാശേരി സീറ്റും കേരള കോൺഗ്രസിനു വിട്ടു നൽകാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണു വിവരം. സിപിഎം മിക്കപ്പോഴും സ്വതന്ത്രനെ മത്സരിപ്പിച്ചു പോരുന്ന സീറ്റാണിത്.
ഏതെങ്കിലും തരത്തിൽ കാഞ്ഞിരപ്പള്ളി കീറാമുട്ടിയാവുകയാണെങ്കിൽ ജയരാജിനെ ചങ്ങനാശേരിയിൽ മത്സരിപ്പിക്കാനാകുമോ എന്നതും പരിശോധിക്കുന്നുണ്ട്.
പൂഞ്ഞാർ സീറ്റാണ് സിപിഐക്കു ലഭിക്കുന്നതെങ്കിൽ സിപിഐ സംസ്ഥാന സമിതി അംഗവും നിലവിലെ ജില്ലാ പഞ്ചായത്തംഗവുമായ ശുഭേഷ് സുധാകരൻ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥാനാർഥിപ്പട്ടികയിൽ സാധ്യത കൽപിക്കപ്പെടുന്നത്.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയിലെ ഇടത് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.ബി.ബിനുവിന്റെ പേരും ചർച്ചയിലുണ്ട്.