തിരുവനന്തപുരം: സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ സിപിഐ- സിപിഎം ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം എ കെ ജി സെന്ററിലാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷണൻ, കാനം രാജേന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
പന്തളത്ത് ഒരു പരിപാടി ഉള്ളതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നില്ല. കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ സംബന്ധിച്ചും ഇന്ന് ചർച്ച നടത്തും.
സിപിഐ മത്സരിക്കുന്ന ഈ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകുന്നതു സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെ സിപി ഐ കോട്ടയം ജില്ലാകമ്മിറ്റിക്ക് എതിർപ്പാണ്.
വീണ്ടും സജീവമായി കോടിയേരി
ഒരു ഇടവേളയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട് മകന് ബിനീഷ് കോടിയേരി അറസ്റ്റിലായ സമയത്താണ് ചികിത്സാർത്ഥം അവധിയെടുത്തത്.
അതേ തുടർന്ന് എ.വിജയരാഘവൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു.
ബിനീഷ് കോടിയേരി ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ആണ്. ഇന്ന് നടക്കുന്ന സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാവുകയാണ്.