ആലപ്പുഴ: ജില്ലയിൽ സിപിഎമ്മിനെതിരെ വീണ്ടും സിപിഐ. സ്പിന്നിംഗ് മില്ലിന്റേതടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മുമായി വ്യത്യസ്ത നിലപാടുകളുമായി നിലകൊള്ളുന്ന സിപിഐ സഹകരണ ബാങ്ക് വിഷയത്തിലും സിപിഎമ്മിനെതിരെ രംഗത്തെത്തി. സഹകരണ ബാങ്ക് അഴിമതിയിൽ സിപിഎം ജില്ലാ സെക്രട്ടറി ഉറക്കം നടിക്കുകയാണെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ ആരോപണം.
മാവേലിക്കരയിൽ നടന്ന പൊതുപരിപാടിയിൽ സിപിഐ നിലപാടിനെതിരെ അദ്ദേഹം നടത്തിയ പ്രതികരണം അതാണു തെളിയിക്കുന്നത്. അഴിമതിക്കെതിരെയുള്ള സമരത്തിൽ മുന്നണിയോ കൊടിയോ നോക്കി നിലപാട് സ്വീകരിക്കാൻ സിപിഐ തയാറല്ല. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ വെട്ടിപ്പിനെതിരെ സിപിഐ സമരം ചെയ്യുന്നുണ്ടെന്നും ആഞ്ചലോസ് വ്യക്തമാക്കി.
എന്നാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎം നിലപാട് സംശയത്തിനു ഇടനൽകിയാൽ അതു എൽഡിഎഫിനെ ബാധിക്കും. യുഡിഎഫ് ഭരിക്കുമ്പോഴാണ് പട്ടണക്കാട് ബാങ്കിൽ കോൺഗ്രസ് ഭരണസമിതി വൻ അഴിമതി നടത്തിയത്. അന്നു സിപിഐ ബാങ്കിനു മുന്നിൽ നടത്തിയ സമരത്തിൽ താനും പങ്കാളിയായിരുന്നുവെന്ന് ആഞ്ചലോസ് പറഞ്ഞു.
\
എന്നാൽ എൽഡിഎഫ് സർക്കാർ വന്നിട്ടും അഴിമതിക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആഞ്ചലോസ് പറയുന്നു. കോൺഗ്രസ് നയിക്കുന്ന മാവേലിക്കര സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പാണ് നടന്നത്. ആഭ്യന്തര സഹകരണ വകുപ്പുകൾ ഇതിൽ സ്വീകരിച്ച മെല്ലെപ്പോക്ക് നയത്തിനും അഴിമതിക്കുമെതിരെയാണ് സിപിഐ ഇവിടെ സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ മറ്റൊരു വൻ അഴിമതി നടന്ന ശ്രീകണ്ടമംഗലം സഹകരണ ബാങ്കിൽ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്നപ്പോൾ സിപിഐയെ കൂട്ടാതെ എൽഡിഎഫ് സംവിധാനം തകർത്ത് കോൺഗ്രസിലെ ഒരു വിഭാഗവുമായി ചേർന്നാണ് സിപിഎം മത്സരിച്ചതെന്ന വസ്തുതയും വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ്, ഐഎൻടിയുസി, ജെടിയുസി, ട്രേഡ് യൂണിയനുകൾ സംയുക്തമായി നയിച്ച മാക്ഡവൽ സഹകരണ സംഘം അഴിമതിക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.