പത്തനംതിട്ട: ഭരണകക്ഷി നേതാക്കൾക്ക് അനഭിമതയെന്ന പേരിൽ സ്ഥലംമാറ്റപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരേ സിപിഎം നേതാക്കളുടെ സൈബർ ആക്രമണം. കളക്ടറായിരുന്ന ആർ. ഗിരിജയ്ക്കെതിരെയാണ് സമൂഹമാധ്യമങ്ങൾ വഴി അവഹേളനം നടക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാറാണ് ഇന്നലെ മുൻ വനിതാ കളക്ടർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഒരു സിപിഎം നേതാവ്. ഒരു ബാലമാസികയിലെ കാർട്ടൂൺ കഥാപാത്രത്തോട് ഉപമിച്ചു കൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. കഥാപാത്രത്തെ കസേരയോടെ എടുത്തു മറിച്ചിടുന്ന രംഗമാണ് ഹർഷകുമാറിന്റെ പോസ്റ്റ്.
ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ പോസ്റ്റിന് ലൈക്കും കമന്റും ഇട്ടു കൊണ്ട് പാർട്ടി പ്രാദേശിക പ്രവർത്തകരും സമൂഹമാധ്യമത്തിൽ നിറയുന്നു. സിപിഎമ്മിന്റെ സമ്മർദത്തെത്തുടർന്നാണ് കളക്ടറെ മാറ്റിയതെന്ന ആക്ഷേപത്തെ ശരി വയ്ക്കുന്നതാണ് നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ. കഴിഞ്ഞ മൂന്നാഴ്ചയായി കളക്ടർ അവധിയിൽ ആയിരുന്നു. അവധിയ്ക്കിടെയാണ് സ്ഥാന ചലനം.
ക്വാറി ഉടമകൾക്കെതിരേ ശക്തമായ നടപടികൾ എടുത്തതാണ് തുടക്കത്തിൽ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി നേതാവിനു കളക്ടർ അനഭിമതയായത്. അടൂർ മേഖലയിലെ ക്വാറി മാഫിയയുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമുള്ളതിനാലാണ് കളക്ടർക്കെതിരെ രംഗത്തു വന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വെച്ചൂച്ചിറ – പരുവയിലെ ആദിവാസികൾക്കുള്ള ഭൂമി പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടാനുള്ള ചില പ്രാദേശിക നേതാക്കളുടെ നീക്കം കളക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതും വിരോധത്തിന് കാരണമായി.
ചെങ്ങറയിലെ സമരക്കാരുടെ മനുഷ്യാവകാശത്തിനും കളക്ടർ അനുഭാവപൂർണമായ നിലപാടെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയും കളക്ടർക്കെതിരെ നേരത്തെ പരിഹാസ ശരവുമായി രംഗത്തെത്തിയിരുന്നു. കളക്ടർ എന്താ രാജാവാണൊ എന്ന സെക്രട്ടറിയുടെ പരിഹാസം വിവാദമാകുകയും ചെയ്തിരുന്നു.