കോട്ടയം: സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന സിപിഎം ജില്ലാ കമ്മറ്റിക്കു തുടക്കമായി. രാവിലെ പത്തിന് ആരംഭിച്ച കമ്മറ്റിയിൽ പാലായിലെ കേരള കോണ്ഗ്രസ് എം സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയുടെ തോൽവി, പിറവത്തെ കേരള കോണ്ഗ്രസ് എം സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്, സംഘടന കാര്യങ്ങളും, ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്.
കേരള കോണ്ഗ്രസ് എം സ്ഥാനാർഥിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പുറത്താക്കുന്നതും ജില്ലാ കമ്മറ്റിയുടെ അജണ്ടയിലുണ്ട്.
പിറവത്ത് സ്ഥാനാർഥിയായപ്പോൾ തന്നെ സിന്ധുമോളെ ഉഴവൂർ ലോക്കൽ കമ്മറ്റി പുറത്താക്കിയിരുന്നു. ഈ തീരുമാനം പീന്നിട് പാലാ ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു.
സിന്ധുമോളെ പുറത്താക്കുന്നതു സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കേണ്ടതു ജില്ലാ കമ്മറ്റിയാണെന്നാണ് അറിയിച്ചിരുന്നത്. ലോക്കൽ, ഏരിയ കമ്മറ്റികളുടെ തീരുമാനം സാധാരണയായി ജില്ലാ കമ്മറ്റി അംഗീകരിക്കുകയാണ് പതിവ്.
സിന്ധുവിനെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പാലായിലെ തോൽവി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ ജില്ലാ കമ്മിറ്റി നിയോഗിച്ചേക്കും. സംഘടനാ കാര്യങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റിക്കു പുതിയ ഓഫീസ് സെക്രട്ടറിയെയും മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിലേക്കുള്ള ജില്ലയിൽ നിന്നുള്ള അംഗങ്ങളെയും ഇന്നു കമ്മറ്റി തീരുമാനിക്കും.
കേന്ദ്ര കമ്മറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്ക്, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.ജെ. തോമസ്, എം.എം. മണി എന്നിവർ യോഗത്തിൽ പങ്കെടുക്കും.