തിരുവനന്തപുരം: അഞ്ചു മന്ത്രിമാരെ ഒഴിവാക്കി സിപിഎം സ്ഥാനാർഥി പട്ടിക. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ഡോ. ടി.എം. തോമസ് ഐസക് , ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർ മത്സരിക്കില്ല.
എന്നാൽ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, ഇടതു സ്വതന്ത്രനായ കെ.ടി.ജലീൽ എന്നിവർ മത്സരരംഗത്തുണ്ടാകും.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനും സീറ്റില്ല. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയാണു സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമെടുത്തത്.23 സിറ്റിംഗ് എംഎൽഎമാരെ വീണ്ടും സിപിഎം രംഗത്തിറക്കാൻ തീരുമാനിച്ചപ്പോൾ 19 എംഎൽഎമാരെ ഒഴിവാക്കി. പുതുമുഖങ്ങളായി 30 പേർ രംഗത്തെത്തും.
തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന നിലപാട് കർശനമാക്കിയ സാഹചര്യത്തിലാണു അഞ്ചു മന്ത്രിമാർക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതെ പോയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഏഴു പേർ മത്സരരംഗത്തുണ്ടാകും. എം.വി.ഗോവിന്ദൻ, ബേബി ജോണ്, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ടി.പി. രാമകൃഷ്ണൻ, എം.എം. മണി എന്നിവരാണു മത്സരിക്കുന്ന മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങൾ.
പുതുമുഖങ്ങൾ കൂടുതൽ മത്സര രംഗത്തേയ്ക്കു വരണമെന്നതിനാൽ രണ്ടു ടേം നിബന്ധന കർശനമാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് അനുകൂലമായ നിലപാടെടുത്തു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടികയിൽ രണ്ടു ടേമിൽ കൂടുതൽ മത്സരിച്ചവരുടെ പേരുകളും ഉൾപ്പെട്ടിരുന്നെങ്കിലും നിബന്ധന സംസ്ഥാന കമ്മിറ്റി കർശനമാക്കിയ സാഹചര്യത്തിൽ പട്ടികയിൽ മാറ്റം വരുത്തേണ്ടി വന്നു.
സംസ്ഥാന സമിതിക്കിടെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് കൂടിയാണു സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്.അതേസമയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
ഇന്നും നാളെയുമായി ജില്ലാ സെക്രട്ടേറിയറ്റുകൾ ചേർന്നു ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കണമെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്ന നിർദേശം. തിങ്കളാഴ്ച സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.