കോട്ടയം: ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനാണു കഴിയുക എന്ന വിശ്വാസത്തിൽ ന്യൂനപക്ഷങ്ങള്‍ വോട്ടു ചെയ്തതാണ് കേരളത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന്റെ മുഖ്യകാരണമെന്ന് സിപിഎം റിപ്പോര്‍ട്ടിംഗ്.
ബ്രാഞ്ച് അംഗങ്ങള്‍ക്കുള്ള കത്തിലാണ് കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന കാരണമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സവിശേഷമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സൂക്ഷ്മമായ വിലയിരുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനും പങ്കാളിയായി ഇടതുപക്ഷത്തെ ജനങ്ങള്കണ്ടില്ല. പരമ്പരാഗത സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കു പോയത് ഗൗരവകരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതിന്റെ തോത് വളരെ വലുതായിരുന്നു. ട്രേഡ് യൂണിയനുകള്ക്കിടയിലുള്ള പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായി. തൃശൂരില്‍ ബിജെപി വിജയത്തിനു പ്രധാന കാരണം കോണ്‍ഗ്രസിന്റെ വോട്ടു ലഭിച്ചതും ഒരു വിഭാഗം ക്രിസ്ത്യാനികളുടെ പിന്തുണ ലഭിച്ചതുമൂലവുമാണ്. ക്ഷേമപെന്ഷന് മുടങ്ങിയതും സപ്ലൈകോയില്‍ സാധനമില്ലാത്തതതും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് ഇതിനു കാരണമെന്ന പ്രചാരണം ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല. യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണമാണ് ജനങ്ങളെ ഇങ്ങനെ ചിന്തിപ്പിച്ചത്. എസ്എന്‍ഡിപി നേതൃത്വം ബിജെപിക്കു വേണ്ടി കാര്യമായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടിംഗില്‍ പറയുന്നു.
പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നു
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിഡിജഐസിന്റെ സ്ഥാനാര്‍ഥിത്വം വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഐ വലിയ താത്പര്യം കാട്ടിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നതായും പറയുന്നു. പത്തനംതിട്ടയില്‍ ബിജെപി മത്സരരംഗത്ത് സജീവമല്ലെന്ന തോന്നല്‍ പാളിയെന്നും വോട്ടിംഗിലെ കുറവും പരാജയത്തിനു കാരണമായതായി പറയുന്നു.
മാവേലിക്കരയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും ചങ്ങനാശേരി മണ്ഡലത്തിലെ പിറകോട്ടു പോകല്‍ പരാജയത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുലുണ്ട്.ഓരോ മണ്ഡലത്തെയും പ്രത്യേകമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കാസര്‍കോഡ് ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നും കണ്ണൂരില്‍ സിപിഎം കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വടകരയില്‍ ശക്തമായ വര്‍ഗീയ പ്രചാരണവും വ്യക്തിഹത്യയുമാണ് കെ.കെ. ശൈലജയുടെ പരാജയമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.മലപ്പുറത്തും പൊന്നാനിയിലും മികച്ച പ്രകടനം നടന്നു എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ കോഴിക്കോട് മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടിയില്ലെന്നും പറയുന്നു.
പാലക്കാട് വന്‍തോതില്‍ ബിജെപിയിലേക്ക് വോട്ടുകള്‍ ആകര്‍ഷിക്കപ്പെടുന്നു എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ആലപ്പുഴ മണ്ഡലത്തില്‍ കായംകുളത്തും ഹരിപ്പാടും മൂന്നാമതായത് ഗൗരവമായി കാണണണമെന്നും പറയുന്നു. ആലപ്പുഴയില്‍ ബിജെപി, സിപിഎം വോട്ടു വ്യത്യാസം 43,199 വോട്ടു മാത്രമാണെന്നും പറയുന്നു.
കൊല്ലത്തെ വന്‍ പരാജയം പരിശോധിക്കണമെന്നും ആറ്റിങ്ങലില്‍ ബിജെപി വോട്ടുകള്‍ ചോര്ത്തികൊണ്ടുപോയതിന്റെ കാരണം കണ്ടെത്തണമെന്നും പറയുന്നു. തിരുവനന്തപുരത്തും പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നുവെന്നും ശക്തമായ ഇടപെടല്‍ നടത്തി കോര്പറേഷന് നഷ്ടപ്പെടാതെ നോക്കണമെന്നും പറയുന്നു.
തിരുത്തല്‍ പ്രക്രിയകളും റിപ്പോര്‍ട്ടില്‍
നിരവധി തിരുത്തല്‍ പ്രക്രിയകളും റിപ്പോര്‍ട്ടിംഗില്‍ നിര്‍ദേശിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ പോരായ്മ പരിഹരിക്കണം. ജനങ്ങളുമായി നേരിട്ടുള്ളബന്ധം ദുര്‍ബലമായി ഇതു വീണ്ടെടുക്കണം. പോളിംഗിനു ശേഷം എടുക്കുന്ന കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം ഇതുമൂലമാണുണ്ടായത്. യുവജനങ്ങളിലും വിദ്യാര്‍ഥിസംഘടനയിലും രാഷ്ട്രീയ ബോധം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധവേണമെന്നും റിപ്പോര്‍ട്ടിംഗില്‍ നിര്‍ദേശിക്കുന്നുണ്ട്.
സംഘടനകളിലെ തെറ്റായ പ്രവണതകളും പെരുമാറ്റങ്ങളും തുടച്ചു നീക്കണം. തെറ്റുതിരുത്തലുകള്‍ ആസൂത്രിതമായി നടത്തണം. താഴെ തട്ടു മുതല്‍ തലപ്പത്തു വരെയുള്ള കേഡര്‍മാരുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന സുപ്രധാനമായ വിമര്‍ശനവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി നിയന്ത്രിക്കാനാകണമെന്നും വനിത സംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പറയുന്നു.
ജിബിന്‍ കുര്യന്