കൊച്ചി: സമീപകാലത്തായി കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാത്ത വിധം ചില നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പണത്തോടുള്ള ആര്‍ത്തിയും പരിധിവിട്ട് വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററി മോഹങ്ങളും സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി.
മുമ്പൊരിക്കലും കാണാത്തവിധം പണത്തോടും അധികാരത്തോടുമുള്ള ഭ്രമം പാര്‍ട്ടിക്ക് വലിയതോതില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന പ്രതിനിധികളുടെ വിമര്‍ശനം പ്രമുഖ നേതാക്കളും ശരിവച്ചു.
സ്ഥാനാര്ഥികളില്നിന്നുപോലും പണം വാങ്ങിയെന്നത് അതീവഗൗരമാണെന്നു ഇതുപോലുളള കാര്യങ്ങള്‍ മുമ്പ് പാര്‍ട്ടിയില്‍ കേട്ടുകോള്വി പോലും ഇല്ലാത്തതാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്നു കരുതിയ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സീറ്റുകള്‍ കളഞ്ഞുകുളിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചുവെന്നും വിലയിരുത്തല്‍ ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുത്തിയ വീഴ്ചയും സ്ഥാനാര്‍ഥിയാകാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തിയതും അനധികൃത സ്വത്ത് സമ്പാദനവുമൊക്കെ കൂടുതല്‍ കര്‍ശനമായി നേരിടണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ അടക്കം 12 പേര്‍ക്കെതിരെ എടുത്ത നടപടി പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടു.വന്‍തോതില്‍ പരിസ്ഥിതി നാശം വരുത്തുന്ന കെ-റെയില്‍ നടപ്പാക്കുന്നതിനെതിരെയും പ്രതിനിധികളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നു.
ഇതേച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ ആശയക്കുഴപ്പം ചര്‍ച്ചയില്‍ പ്രതിഫലിച്ചു. എന്തുവില കൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസും ബിജെപിയും സാമുദായിക സംഘടനകളുമൊക്കെ പദ്ധതിക്കെതിരേ കടുത്ത പ്രചാരണം നടത്തുമ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടിആലുവയില് ഭര്തൃപീഡനത്തെതുടര്ന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ കാര്യക്ഷമമായില്ലെന്ന് ആ മേഖലയില്‍നിന്നുള്ള ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടലിന് ഒപ്പമെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.മൂന്നു ദിവസമായി കളമശേരിയില്‍ നടന്നുവരുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.