മാന്നാർ: ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി പന്പാനദയിലെ മാന്നാർ മുല്ലശേരിക്കടവിൽ നിന്നും വെള്ളം കൊണ്ടുപോകുന്നതിനെ എതിർത്ത സിപിഎം പ്രാദേശിക നേതൃത്വം വെട്ടിലായി.പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലേക്ക് മാന്നാറിൽ നിന്ന് വെള്ളം കൊണ്ടുപോകേണ്ട കാര്യമില്ലെന്നും മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വർഷങ്ങളായി നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ നടപടികൾ ഉണ്ടാകണമെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം വാദിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ചയിൽ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ സിപിഎം അംഗങ്ങൾ വെള്ളം കൊണ്ടുപോകുന്നതിനെ ശക്തമായി എതിർത്തിരുന്നു. സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്തംഗങ്ങളിൽ രണ്ട് പേർ സിപിഎം ഏരിയാ കമ്മറ്റിയംഗങ്ങളുമാണ്. എന്നാൽ കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം മാന്നാർ ഏരിയാ സമ്മേളനത്തിൽ ഹരിപ്പാട് കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്ന് പ്രമേയം പാസാക്കി.
സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വം പദ്ധതി നടപ്പിലാക്കണമെന്ന അഭിപ്രായമുള്ളവരാണ്. സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയാണ് ഇതെന്നും ഇതിന്റെ നേട്ടം സർക്കാരിനാണെന്നുമാണ് കമ്മറ്റികൾ വിലയിരുത്തിയത്. ഇക്കാര്യങ്ങൾ എംഎൽഎ സർവ്വകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതുമാണ്.
എന്നാൽ പാർട്ടിതലത്തിൽ ഇത്തരം ഒരു അറിയിപ്പ് പ്രാദേശിക നേതൃത്വത്തിന് ലഭിക്കാഞ്ഞതിനാലാണ് പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉണ്ടായത്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലും, വെസ്റ്റ് ലോക്കൽ സമ്മേളനത്തിലും ഇത് സംബന്ധിച്ച് പ്രതിനിധികൾ ചർച്ച നടത്തുകയും പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ സിപിഎം അണികളിൽ അഭിപ്രായ വ്യാത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഏരിയാ സമ്മേളനത്തിൽ തന്നെ പദ്ധതിക്ക് അനുകൂലമായി പ്രമേയം പസാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിൽ കോണ്ഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒന്നായി നിന്ന് പദ്ധതിയെ അനുകൂലിക്കുകയാണ് ഉണ്ടായത്.
ബിജെപി പദ്ധതിയെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. മാന്നാറിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാനും പടിഞ്ഞാറൻ മേഖലയിലെ കൃഷിക്ക് ജലം ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടും പദ്ധതിയെ കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് ബിജെപി നിലപാട്. മുല്ലശ്ശേരി കടവിൽ താമസിക്കുന്നവർ ശക്തമായ എതിർപ്പുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇപ്പോൾ കിണർസ്ഥാപിക്കുന്ന സ്ഥലത്തു നിന്നും 500 മീറ്റർ അകലത്തിൽ കൂറ്റൻ കിണർ കുഴിച്ചാണ് കുടിപെള്ളപദ്ധതിക്കായി വെള്ളം കൊണ്ടുപോകുന്നത്. അടുത്തടുത്ത് നദീ തീരത്ത് കൂറ്റൻ കിണറുകൾ സ്ഥാപിച്ചാൽ ഭാവിയിൽ ഈ പ്രദേശത്തുള്ളവർക്ക് ജലക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ പദ്ധതിയെ എതിർക്കുന്നത്. എന്തായാലും പദ്ധതിയുമായി മുന്നോട്ട് പോകുവാനാണ് അധികൃതരുടെ ശ്രമം.