കണ്ണൂർ: ശുഹൈബ് വധം സിബിഐക്ക് വിട്ട പശ്ചാത്തലത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയ സാഹചര്യത്തിലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നതും പാർട്ടിയെ സമർദ്ദത്തിലാക്കിയിക്കുകയാണ്.ശുഹൈബ് വധത്തിൽ സർക്കാരിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പുറമേ കേസിൽ സർക്കാർ ഉന്നയിച്ച വാദങ്ങൾ എല്ലാം ജസ്റ്റീസ് കെമാൽപാഷ തള്ളിയിരുന്നു. കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് സർക്കാരിനു തിരിച്ചടിയായിരുന്നു.