തലശേരി: രണ്ടുവർഷം മുമ്പ് വിഷു ദിനത്തിൽ സിപിഎം പാർട്ടിഗ്രാമത്തിൽ ബന്ധുക്കളായ പാർട്ടി കുടുംബങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഒടുവിൽ കാപ്പയിലേക്കും നാടുകടത്തലിലേക്കും എത്തി.
പാർട്ടി നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് സിപിഎം പ്രാദേശിക നേതാവിന്റെ നാടു കടത്തലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടു കടത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി ഗ്രാമത്തിൽ പോലീസിനെതിരേ സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് നടന്ന പ്രകടനത്തിൽ പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നിരുന്നത്.
അതേസമയം, പാർട്ടി സൈബർ ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനങ്ങൾ ഉയർത്തിയവർ പ്രകടനത്തിൽ നേതൃത്വത്തിനെതിരേ ശബ്ദമുയർത്താതിരുന്നത് ശ്രദ്ധേയമായി.
പ്രകടനത്തിന് നേതൃത്വം നൽകിയ രണ്ടുപേർ അന്ന് രാത്രിയിൽ നടന്ന പാർട്ടിക്കമ്മറ്റിയിൽ പങ്കെടുത്തതായുള്ള വിവരവും പുറത്തു വന്നു.
കഴിഞ്ഞ ദിവസം പാനൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള മീത്തലെ ചമ്പാട്ടാണ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് അണികൾ തെരുവിറങ്ങിയത്.
സിപിഎം കെ.സി.കെ.നഗർ മുൻ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ (43) കാപ്പ ചുമത്തി പോലീസ് നാടുകടത്തിയതിനെ തുടർന്നാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, അക്രമം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഗേഷ്. സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നാടുകടത്തൽ.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടായിരുന്നു ഡിഐജിയുടെ ഉത്തരവ്.