കോട്ടയം: തെരഞ്ഞെടുപ്പു തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേരള കോണ്‍ഗ്രസ്-എമ്മില്‍ തുടങ്ങിയ പരസ്യവിമര്‍ശനം സിപിഐ ജില്ലാ കൗണ്‍സിലിലും ആവര്‍ത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെക്കാള്‍ പ്രതിഫലിച്ചത് പിണറായി വിരുദ്ധതയാണെന്ന് മാണി ഗ്രൂപ്പ് ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിക്കുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്തെ നേതൃയോഗത്തിലും വിമര്‍ശനം കടുത്തതായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഇതര ജില്ലകളിലേതിനേക്കാള്‍ കടുത്ത ആത്മവിമര്‍ശനവും കുറ്റസമ്മതവും ഉയരാനാണ് സാധ്യത.
കോട്ടയത്ത് തോമസ് ചാഴികാടന്റെ പരാജയത്തില്‍ സിപിഎം നേതാക്കള്‍ക്ക് സമാധാനം പറഞ്ഞേ പറ്റൂ. കൂടെക്കൂട്ടി ഒപ്പം നിറുത്തി കാലുവാരിയെന്നതില് ശരിയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.മണ്ഡലത്തില്‍ മൂന്നു ലക്ഷത്തിനു മുകളില്‍ ഉറച്ച സിപിഎം അനുഭാവവോട്ടുകളുണ്ടെന്ന് മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി എ.വി. റസലും ആവര്‍ത്തിച്ചെങ്കിലും വലിയൊരു പങ്ക് ചോര്‍ന്നുപോയി.
ചോര്‍ന്നതില്‍ കുറെ യുഡിഎഫിലും അതിലേറെ എന്‍ഡിഎയിലും. കേരള കോണ്‍ഗ്രസ് മാണി വോട്ടുകള്‍ കൂടി കിട്ടിയിട്ടും ചാഴികാടനു കിട്ടിയത് രണ്ടര ലക്ഷം മാത്രം. 65 ശതമാനം മാത്രം പോളിംഗ് നടന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് എണ്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. തീരമേഖലയില്‍ ഉള്‍പ്പെടെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വോട്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചു.
ദളിത്, പിന്നോക്ക വിഭാഗങ്ങളും പാര്‍ട്ടിയില്‍നിന്നകന്നു. സിപിഎം അനുഭാവ വനിതാ വോട്ടുകള്‍ വലിയ തോതില്‍ വെള്ളാപ്പള്ളിക്ക് അനുകൂലമായി.കേരള കോണ്‍ഗ്രസ് എല്ഡിഎഫിലെത്തിയതിനുശേഷം ഇത്തരത്തിലൊരു തകര്ച്ചയുണ്ടായതു തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താം.
നവകേരള സദസ് പാലാ യോഗത്തില്‍ സ്ഥലം എംപി തോമസ് ചാഴികാടനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നിലവിട്ട പരസ്യശാസന കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷം ഉളവാക്കിയിരുന്നു. റബര്‍, നെല്ല് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എംപി ഉന്നയിച്ചപ്പോൾ അതു കേള്‍ക്കാനോ പരിഗണിക്കാമെന്നു പറയാനോ ഉള്ള സഹിഷ്ണുത പിണറായി കാണിച്ചില്ല.
ഈ സാഹചര്യത്തിലും സംയമനം പുലര്‍ത്താനാണ് മാണി നേതൃത്വം പ്രവര്‍ത്തരോടു നിര്‍ദേശിച്ചത്. റബര്‍, നെല്ല് വിലത്തകര്‍ച്ചയില്‍ പൊറുതിമുട്ടിയവരും ക്ഷേമപെന്ഷന് മുടങ്ങിയവരുമൊക്കെ ഇലക്ഷനില്‍ തിരിച്ചടിച്ചു. എല്ലാ തലങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ കോട്ടയം കമ്മിറ്റിയിലും വിമര്ശനമുണ്ടാകാനാണ് സാധ്യത.
സിപിഐയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മാവേലിക്കരയിലും സിപിഎം വോട്ടുകള്‍ ചോര്‍ന്നതിലാണ് സിപിഐ നേതാക്കളുടെ അതൃപ്തി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിപിഐക്കു കരുത്തുള്ള വൈക്കം മണ്ഡലത്തില്‍ മാത്രമാണ് ചാഴികാടന് ലീഡ് ലഭിച്ചത്.സിപിഐ കാണിച്ച കരുതല്‍ പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, കോട്ടയം, ഏറ്റുമാനൂര്‍, പിറവം മണ്ഡലങ്ങളില്‍ സിപിഎമ്മില്നിന്നുണ്ടായില്ല. പാലായിലെ മാണി- സിപിഎം പോരാട്ടത്തിന് അറുതിവരുത്താനും സാധിച്ചില്ല.
പത്തനംതിട്ട, എറണാകുളം ജില്ലാ കമ്മിറ്റികളിലേതുപോലെ വിമര്‍ശനം കോട്ടയം കമ്മിറ്റിയിലും ഉയരാം. മന്ത്രി വി.എന്‍. വാസവന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന കമ്മിറ്റിക്കു മുന്നിലെത്തുക സിപിഎം വോട്ടുചോര്‍ച്ചയുടെ കണക്കുകളും മാണി വിഭാഗത്തിനുണ്ടായ ആഘാതവുമാണ്.