ചേർത്തല: സ്വന്തം പാർട്ടിയുടെ കൊടികൾ ആരാണ് നശിപ്പിക്കുന്നതെന്ന് അന്വേഷിച്ചിറങ്ങിയ സിപിഎം പ്രവർത്തകർ പ്രതിയെ പിടികൂടിയപ്പോൾ അങ്കലാപ്പിൽ. പാർട്ടിയുടെ കൊടിനശിപ്പിച്ചത് സ്വന്തം ബ്രാഞ്ച് നേതാവ് ആയതാണ് നേതാക്കളെ അങ്കലാപ്പിലാക്കിയത്. ആലപ്പുഴ ഗ്രാമപഞ്ചായത്തിലായിരുന്നു സംഭവം. സ്വകാര്യ എൻജിനിയറിങ് കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ കൊടി നശിപ്പിക്കുന്നതിനിടെയാണ് സ്വന്തം ബ്രാഞ്ച് നേതാവ് പിടിയിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
കന്പിപ്പാര ഉപയോഗിച്ച് കൊടിമരത്തിന്റെ കോണ്ക്രീറ്റ് പൊട്ടിക്കുന്നതിനിടെ പ്രവർത്തകർ പിടികൂടുകയായിരുന്നു. സമീപത്തെ കെട്ടിടത്തിന്റെ നിർമാണത്തിനെത്തിച്ച സിമന്റ് കൊണ്ടുവന്ന് അവസാനം ഇയാളെ കൊണ്ടു തന്നെ പ്രവർത്തകർ കൊടിമരം പുന:സ്ഥാപിപ്പിക്കുകയായിരുന്നു. മേൽഘടകത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൊടിമരം മാറ്റാൻ ശ്രമിച്ചതെന്നാണ് ഇദ്ദേഹം നൽകിയ വിശദീകരണം.
കൊടിമരം നശിപ്പിച്ച് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി കുറ്റം മറ്റ് രാഷ്ട്രീയകക്ഷികളുടെ മേൽ ചുമത്താനുള്ള ഗൂഢതന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. ഈ സംഭവം പുറത്തായതോടെ ചേർത്തലയിൽ പലയിടങ്ങളിലും നടക്കുന്ന ഇതര രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നതിനു പിന്നിലും ഇപ്പോൾ ആരാണെന്ന ചർച്ച ഉരുത്തിരിഞ്ഞിട്ടുണ്ട്.
ഏതു പാർട്ടിയായാലും അവരുടെ കൊടിയും കൊടിതോരണങ്ങളും സ്തൂപകങ്ങളും നശിപ്പിക്കപ്പെടുന്പോൾ സമരവും ഹർത്താലുമായി വരാതെ കള്ളൻ കപ്പലിൽ തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ അതാത് പാർട്ടിക്കാർ ആദ്യം ശ്രമിക്കട്ടെയെന്നാണ് നാട്ടുകാർ പറയുന്നത്.