ജോണ്സണ് വേങ്ങത്തടം
കോട്ടയം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയി കണ്ണൂർ സ്വദേശി വി.കെ സനോജിനെ തീരുമാനിച്ചതോടെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും മേൽക്കോയ്മ മലബാർ ലോബിക്കായി.
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ചാർജെടുത്തതിനു തൊട്ടുപിന്നാലെയാണ് കണ്ണൂരിൽ നിന്നുള്ള സനോജിനെ പാർട്ടിയുടെ ഏറ്റവും ശക്തമായ പോഷക സംഘടനയുടെ തലപ്പത്തേക്കും എത്തിച്ചത്.
സിഐടിയു, കെഎസ്കെടിയു, കർഷക സംഘം, എസ്എഫ്ഐ എന്നീ സംഘടനകൾക്കു പിന്നാലെയാണ് ഡിവൈഎഫ്ഐയും മലബാർ ലോബി കൈപ്പിടിയിലാക്കിയത്.
സിഐടിയു നേതൃസ്ഥാനത്തേക്ക് കോഴിക്കോടുകാരനായ എളമരം കരീമും കെഎസ്കെടിയു നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ കെ.എൻ ചന്ദ്രനും കർഷക സംഘത്തിന്റെ നേതാവായി കണ്ണൂർക്കാരനായ വൽസനും എസ്എഫ്ഐ നേതാവായി കോഴിക്കോടുകാരനായ സച്ചിൻ ദേവും എത്തിയതിനു പിന്നാലെയാണ് ഡിഫിയുടെ നേതൃത്വത്തിലേക്ക് കണ്ണൂർക്കാരനായ വി.കെ സനോജും എത്തുന്നത്.
ഇതോടെയാണ് പോഷക സംഘടനകളുടെ നേതൃസ്ഥാനം മുഴുവൻ മലബാർ മേഖലയിലേക്കെത്തിയത്.കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.
മുൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ് എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എ.എ റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് വികെ സനോജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അവധിയിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പാർട്ടി ചുമതലയും തിരികെയെടുത്തതോടെ പാർട്ടിയിൽ മലബാർ ലോബിയുടെ ആധിപത്യം പൂർണമായി. ഒരു കൊല്ലത്തിനു ശേഷം ചുമതലയേറ്റ കൊടിയേരി ജില്ലാ സമ്മേളനങ്ങളിൽ കണ്ണൂർ ജില്ലാ സമ്മേളനത്തിലും തുടർന്ന് എറണാകുളത്തെ ജില്ലാ സമ്മേളനത്തിലും പങ്കെടുക്കും.
ഡിസംബർ, ജനുവരി മാസങ്ങളിലായി നടക്കുന്ന 14 ജില്ലാ സമ്മേളനങ്ങളുടെ ഷെഡ്യൂൾ ആലപ്പുഴ സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. 14 ജില്ലകളിലും പാർട്ടി തലത്തിലുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളും പിണറായി പക്ഷത്തിന് അനുകൂലമാക്കാനുള്ള നീക്കങ്ങളിലാണ് പാർട്ടി നേതൃത്വം.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സെക്രട്ടറി സ്ഥാനം തങ്ങൾക്ക് വേണമെന്ന് വി.എസ,് ബേബി പക്ഷം പാർട്ടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്കി 11 ജില്ലകളിലും പിണറായി പക്ഷത്തിന് മേൽക്കൈയ്യുണ്ടാകും. എല്ലാ ജില്ലാക്കമ്മറ്റികളിലും അഞ്ചു വനിതകളും 40 വയസിൽത്താഴെയുള്ള മൂന്നു യുവാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു വനിതയും നിർബന്ധമായും ഉണ്ടായിരിക്കണമെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനത്തിന് പിന്നിൽ പാർട്ടിക്കമ്മിറ്റികളിൽ പ്രായമായവരുടെ തള്ളിക്കയറ്റം ഒഴിവാക്കണമെന്ന കണക്ക് കൂട്ടലുകളുമുണ്ട്. മാർച്ച് ആദ്യവാരം കൊച്ചിയിൽ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്ഗ്രസോടു കൂടിയാണ് പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുന്നത്.