മങ്കൊമ്പ്: കുട്ടനാട്ടിലെ സിപിഎമ്മിൽനിന്നു വിഭാഗീയതയെത്തുടർന്നുള്ള കൊഴിഞ്ഞുപോക്കു തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാർട്ടിയിൽ തുടർന്നുവന്നിരുന്ന കൂട്ടരാജിയാണ് ഇപ്പോഴും തുടരുന്നത്.
കാവാലം ലോക്കൽ കമ്മിറ്റിയിൽനിന്നുമാണ് ഇന്നലെ ഏറ്റവുമധികം രാജിക്കത്തുകൾ നൽകിയത്. അറുപതോളം പ്രവർത്തകരാണ് ഇന്നലെ ജില്ലാ നേതൃത്വത്തിനു രാജി സമർപ്പിച്ചത്.
ഇവ സംസ്ഥാന നേതൃത്വത്തിനു ഇമെയിൽ ചെയ്തതായി പ്രവർത്തകർ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം എട്ടു വനിതകളും രാജിവയക്കുന്നവരിൽ ഉൾപ്പെടുന്നു.
ഏരിയ നേതൃത്വത്തിന്റെ വിഭാഗീയതയിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്.
ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരേ വനിതാ അംഗം നൽകിയ പരാതി പരിഗണിക്കുക പോലും ചെയ്യാതെ ഏരിയാ നേതൃത്വം തള്ളിക്കളഞ്ഞതായും നേരത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിരുന്നു.