കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ് ഈ ഭാഗ്യവാന്. നറുക്കെടുപ്പിന് രണ്ടുമണിക്കൂര്‍ മുന്‍പാണ് ഇയാള്‍ ടിക്കറ്റുകളെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് നറുക്കെടുത്ത വിന് വിന് ലോട്ടറി ടിക്കറ്റുകളിലാണ് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും മുഴുവന്‍ സമാശ്വസ സമ്മാനങ്ങളും അബ്ദുള്ളക്കുഞ്ഞിയെ തേടിയെത്തിയത്.
ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലുള്ള മധു ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ഉച്ചയ്ക്ക് 12.45-ന് ഒരേ നമ്പറില്‍ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകള്‍ ടിക്കറ്റൊന്നിന് 30 രൂപ പ്രകാരം 360 രൂപ നല്കി വാങ്ങിയത്. ണഢ 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും അതേ നമ്പറിലുള്ള മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്. ലോട്ടറി ഏജന്‍സി നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് സെക്രട്ടറി എ.അശോകന് നമ്പ്യാരെ ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് നറുക്കെടുപ്പ് ഫലം അറിയിച്ചു. ഇദ്ദേഹമാണ് അബ്ദള്ളക്കുഞ്ഞിയെ വിവരം അറിയിച്ചത്.
സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും പാണ്ടി ലോക്കല്‍ സെക്രട്ടറിയുമായ അബ്ദുള്ളക്കുഞ്ഞി കാസര്‍കോട് താലൂക്ക് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചെര്‍ക്കളയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പട്ടികവര്‍ഗ കോളനിയിലെ കൈക്കളന്, പുത്തരിയന്‍, രാമന് എന്നിവരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുകയായിരുന്നു.
നാലുമാസം മുന്‍പ് ഇതേ സ്റ്റാളില്‍നിന്നെടുത്ത ടിക്കറ്റില്‍ അബ്ദുള്ളക്കുഞ്ഞിക്ക് 60,000 രൂപ സമ്മാനം ലഭിച്ചിരുന്നു. അന്‍പതുകാരനായ അബ്ദുള്ളക്കുഞ്ഞി 30 വര്‍ഷമായി മുടങ്ങാതെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. വാടകവീട്ടിലാണ് കുടുംബവുമായി കഴിയുന്നത്. കാട്ടിപ്പാറയില്‍ സ്വന്തം വീടിന്റെ പണി നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. ‘അല്പം ബാധ്യതയുണ്ട്. അത് തീര്‍ക്കണം. വീടുപണി പൂര്‍ത്തിപൂര്‍ത്തിയാക്കണം’. അബ്ദുള്ളക്കുഞ്ഞി പറയുന്നു.