നവാസ് മേത്തര്‍
തലശേരി: ചിറ്റാരിപ്പറമ്പിലെ സിപിഎം നേതാവ് ജി.പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകരായ ആറ് പ്രതികളില്‍ അഞ്ച് പേരും നിരപരാധികളാണെന്ന് പുനരന്വേഷണസംഘത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, കൂത്തുപറമ്പ് സിഐ സുരേഷ്ബാബു, എസ്‌ഐ ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുനരന്വേഷണം നടത്തുന്നത്. കൂത്തുപറമ്പ് വാളാങ്കിച്ചാലിലെ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് പിടികൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിട സുബീഷ് എന്ന കുപ്പി സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പവിത്രന്‍ വധക്കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
നിരപരാധികളായിട്ടും കൊലപാതകികളായി സമൂഹം കാണുകയും മൂന്ന് മാസത്തിലേറെ റിമാന്‍ഡ് തടവുകാരായി ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത അഞ്ചുപേരും പുതിയ കണ്ടെത്തലറിഞ്ഞ് പോലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ അഞ്ചുപ്രതികള്‍ നിരപരാധികളാണെന്നു വ്യക്തമായിട്ടുണ്ടെന്നും സമഗ്രാന്വേഷണം നടത്തിയശേഷം ഇതുസംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണസംഘത്തിന്റെ തലവന്‍ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം രാഷ്ട്രദീപികയോട് പറഞ്ഞു. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് പവിത്രന്‍ വധകേസില്‍ ബിജെപി പ്രവര്‍ത്തകരായ അഞ്ച് പ്രതികളും നിരപരാധികളാണെന്ന് വ്യക്തമായിട്ടുള്ളത്. ഇതോടെ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളാക്കപ്പെട്ടവരില്‍ നല്ലൊരു ഭാഗം നിരപരാധികളാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
2009 മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് പവിത്രന്‍ കൊല്ലപ്പെടുന്നത്. ബിജെപി പ്രവര്‍ത്തകരായ ആറു പേരെ പ്രതികളാക്കി കൊണ്ടാണ് കൂത്തുപറമ്പ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 102 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ള പ്രതികളാണ് ഇപ്പോള്‍ നിരപരാധികളാണെന്ന് വ്യക്തമായിട്ടുള്ളത്. കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള ആറ് പ്രതികളില്‍ ഒരാള്‍ മാത്രമാണ് കേസില്‍ യഥാര്‍ഥത്തില്‍ ഉള്ളത്. പവിത്രനെ കൊലയാളി സംഘത്തിന് കാണിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്തിട്ടുള്ളതത്രെ. മറ്റ് സ്ഥലത്തു നിന്നും എത്തിയ സംഘമാണ് പവിത്രനെ കൊലപ്പെടുത്തിയത്. ഈ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളതെന്നും പോലീസ് പറഞ്ഞു. പവിത്രന്‍ വധത്തിനുശേഷം കൊല്ലപ്പെട്ട പ്രമുഖ ആര്‍എസ്എസ് നേതാവിന്റെ നിര്‍ദേശപ്രകാരമാണ് പവിത്രനെ കൊലപ്പെടുത്തിയതെന്നും സംഘത്തിന് കണ്ണവത്തുവച്ച് ആര്‍എസ്എസ് പ്രദേശിക നേതാവാണ് ആയുധങ്ങള്‍ നല്‍കിയതെന്നും മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പവിത്രന് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പവിത്രനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും നിലവില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒരാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
പവിത്രന്‍ വധക്കേസിലെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള ആറ് പ്രതികളേയും പോലീസ് സംഘം രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. സുബീഷ് നല്‍കിയ മൊഴികള്‍ പൂര്‍ണമായും ശരിവയ്ക്കുന്ന തരത്തിലാണ് ആറു പേരുടേയും മൊഴികളെന്നും റിപ്പോര്‍ട്ടുണ്ട്. പവിത്രന്‍ വധത്തിനു പുറമെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടെയുള്ള നാലംഗ സംഘമാണെന്നും സുബീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. ജില്ലാ പോലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുഡിന്‍, കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സുബീഷ് ഫസല്‍,പവിത്രന്‍ വധങ്ങളുള്‍പ്പെടെ ജില്ലയിലെ അഞ്ച് കൊലപാതക കേസുകളില്‍ യഥാര്‍ഥ പ്രതികളല്ല അറസ്റ്റിലായതെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് തെളിവുകളുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി സിബിഐ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്തുകയും കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.