പയ്യന്നൂര്‍: പാലക്കോട് വലിയകടപ്പുറം അഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്യാത്തതിലും ഭൂമി പിളര്ന്നതിലൂടെ ഭീതിയില്‍ കഴിയുന്ന കക്കമ്പാറയില് തുടര്‍ നടപടികളില്ലാത്തതിലും പ്രതിഷേധിച്ച് സിപിഎമ്മും ലീഗും പ്രക്ഷോഭത്തിലേക്ക്. സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തും.
രാവിലെ പത്തിന് രാമന്തളി വില്ലേജ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി.മധു ഉദ്ഘാടനം ചെയ്യും. 30ന് മുസ്ലിം പാലക്കോട് ശാഖാ കമ്മിറ്റി പാലക്കോട് പ്രദേശത്ത് രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചു വരെ ഹർത്താൽ ആചരിക്കും. രാവിലെ വില്ലേജ് ഓഫീസിലേക്ക് മാർച്ചും നടത്തും.
പാലക്കോട്ടെ മണല്ത്തിട്ടയിലിടിച്ചുള്ള അപകടങ്ങളില്‍പ്പെട്ട് രണ്ട്ജീവനുകള് നഷ്ടപ്പെട്ട ഇവിടെ മണല്‍തിട്ട നീക്കം ചെയ്ത് മത്സ്യതൊഴിലാളികളുടെ ജീവന് രക്ഷിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. തോണികളും മെഷീനുകളും തകര്‍ന്നതിലൂടെ കടബാധ്യത പെരുകി പലരും ആത്മഹത്യയുടെ വക്കിലാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.ജോലിക്ക് പോകാനാകാത്തതിനെ തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നതാണ് സിപിഎം മുന്നോട്ടുവെക്കുന്ന ആവശ്യം. കഴിഞ്ഞമാസം 28ന് ഭൂമി പിളര്‍ന്നതിനെ തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ച കുടുംബങ്ങള്‍ക്ക് ഇനിയെന്ത് ചെയ്യണമെന്ന നിര്‍ദേശം നല്കാന് പോലും ആരുമില്ല. വിണ്ടുകീറി നില്ക്കുന്ന പാറക്കെട്ടുകള്‍ ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.
ജില്ലാ കളക്ടറും ജിയോളജി-റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചതല്ലാതെ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ ഇത്രയും ദിവസമായിട്ടും ഉണ്ടായിട്ടില്ല. കേന്ദ്രസംഘം നഷ്ടങ്ങള്‍ വിലയിരുത്താനെത്തുമെന്നും തുടര്‍നടപടികളുണ്ടാകുമെന്നും വിശ്വസിച്ച ജനങ്ങളെ തിരിഞ്ഞ് നോക്കാന്‍ പോലും കേന്ദ്രസംഘമെത്തിയില്ല. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഈ അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് 26ന് സിപിഎം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
മുസ്ലിം ലീഗ് 29ന് വൈകുന്നേരം പാലക്കോട് ജംഗ്ഷനില്‍ സായാഹ്ന ധര്‍ണയും നടത്തും.ശാഖാ പ്രസിഡന്റ് കെ.സി.അഷ്റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലീഗ് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ടി.പി.സുബൈര്‍, കെ.സി.ഖാദര്‍, ഇസ്മായില്‍ പാലക്കോട്,കെ.സി.മുസ്തഫ, എ.അഹമ്മദ്, വി.യൂസഫ്,ടി.പി.നൗഷാദ്,എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.