ചേര്‍ത്തല: സഹകരണബാങ്കിലെ തെരഞ്ഞെടുപ്പിനെചൊല്ലി സിപിഎമ്മിന്റെ രണ്ടു ലോക്കല്‍ കമ്മിറ്റികള്‍ തമ്മില്‍ തര്‍ക്കം. ഒരു ലോക്കല്‍ കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കാട്ടി മറ്റൊരു ലോക്കല്‍കമ്മിറ്റി രംഗത്ത് എത്തിയതാണ് പ്രശ്നത്തിന്റെ തുടക്കം. ചേര്‍ത്തല ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിനെചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.
സിപിഎം എക്സ്റേ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നു. പതിനൊന്നില്‍ പത്തുപേര്‍ സിപിഎമ്മും ഒരു സിപിഐയും ആണ് നിശ്ചയിച്ചത്. ഇതുപ്രകാരം പതിനൊന്നു പേര് പത്രിക നല്കി. ബാങ്ക് പരിധിയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ പ്രദേശങ്ങളും ഉള്പെടുമെന്നതിനാല് തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനെതിരെ ഈ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തു വന്നു. തര്‍ക്കം രൂക്ഷമായതോടെ സിപിഎം മരുത്തോര്‍വട്ടം ലോക്കല്‍കമ്മിറ്റി പരിധിയിലെ ഏഴുപേര്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു.
അതേസമയം ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസും പത്രിക സമര്‍പിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളില്ലെന്ന് സിപിഎം നേതൃത്വം പറയുന്നു. ഒന്നിനു മുമ്പ് 11 പേരുടെയും കാര്യത്തില്‍ തീരുമാനമാകുമെന്നും മറ്റുള്ളവര്‍ പത്രിക പിന്‍വലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എക്സ്റേ ലോക്കല്‍ കമ്മിറ്റി ചേര്‍ത്തല ഏരിയാകമ്മറ്റിയുടെയും, മരുത്തോര്‍വട്ടം കഞ്ഞിക്കുഴി ഏരിയാകമ്മിറ്റിയുടെയും പരിധിയിലാണ്. തര്‍ക്കം രണ്ട് ഏരിയാ കമ്മറ്റികളുടെ പരിധിയിലായതിനാല്‍ ഇത് പരിഹരിക്കാന്‍ ജില്ലാകമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്.