പ്രബൽ ഭരതൻ
കോഴിക്കോട്: ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച രണ്ട് അംഗങ്ങളെ പുറത്താക്കിയ ലോക്കൽ കമ്മിറ്റിയുടെ നടപടി മരവിപ്പിച്ച് ഏരിയകമ്മിറ്റി ഇടപെട്ട് തിരിച്ചെടുത്തു. കോഴിക്കോട് കോർപറേഷൻ പരിധിയിലെ പാർട്ടി ഗ്രാമമായ കരുവിശേരിയിലാണ് പ്രാദേശിക നേതാക്കളെ ഞെട്ടിച്ച നടപടിയുണ്ടായത്. സിപിഎം പറമ്പത്ത് ബ്രാഞ്ച് അംഗങ്ങളായ അഭിജിത്ത്, അഭി എന്നിവിരെയാണ് ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തത്.
പുതുക്കളങ്ങര പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി ബൈജുവിനെ മർദിച്ചതിനെ തുടർന്നാണ് ഇവരെ ലോക്കൽ കമ്മിറ്റി മൂന്ന് മാസം മുന്പ് പുറത്താക്കിയിരുന്നത്. എന്നാൽ ലോക്കൽ കമ്മിറ്റിയുടെ നടപടി മരവിപ്പിച്ച് കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി റിപ്പോർട്ട് നൽകി, രണ്ടു പേരെയും ബ്രാഞ്ചിൽ തിരിച്ചെടുക്കുകായയിരുന്നു. 2016 സെപ്റ്റംബറിൽ ഒരു വിവാഹ വീട്ടിൽ ബഹളമുണ്ടാക്കിയ ബ്രാഞ്ചംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കവെയാണ് ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവിന് മർദനമേൽക്കുന്നത്. തുടർന്ന് ബൈജു ലോക്കൽ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റി വിഷയം അന്വേഷിക്കുകയും ചെയ്തു. സംഭവത്തിൽ പറന്പത്ത് ബ്രാഞ്ച് അംഗങ്ങളായ അഭിജിത്തും അഭിയും കുറ്റക്കാരാണെന്ന് ലോക്കൽ കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇവരെ പുറത്താക്കിയത്. എന്നാൽ നാല് ഏരിയ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പുറത്താക്കിയവരെ തിരിച്ചെടുത്ത ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പുറത്താക്കിയ രണ്ടുപേരെയും ഏരിയ കമ്മിറ്റി തിരിച്ചെടുത്തുവെന്ന റിപ്പോർട്ടാണ് യോഗത്തിൽ വച്ചത്.
കീഴ്കമ്മിറ്റി പുറത്താക്കിയവരെ മേൽക്കമ്മിറ്റി തെരിച്ചെടുത്ത നടപടി പ്രാദേശി നേതാക്കൾക്കിടയിൽ വലിയ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്്. പ്രദേശത്തുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പുറത്താക്കിയവരെ ഏരിയ കമ്മിറ്റി തിരിച്ചെടുത്തതെന്നാണ് പ്രവർത്തകർ പറയുന്നത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള കരുവിശേരിയിൽ മേൽഘടകം ഇത്തരം നടപിട സ്വീകരിച്ചത് പ്രദേശത്ത് വലിയ കോളളിക്കമുണ്ടാക്കിയിട്ടുണ്ട്.
ഏരിയ കമ്മിറ്റിയുടെ നടപടിക്കെതിരെ ജില്ലാ കമ്മിറ്റിയെ സമീപിക്കാനാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആലോചിക്കുന്നത്. ജില്ലാ സെക്രട്ടറി പി. മോഹനനെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കാൻ അടുത്ത ദിവസം തന്നെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജില്ലാ കമ്മിറ്റി ഓഫീസിലെത്തുമെന്നാണ് വിവരം. ഏരിയ കമ്മിറ്റിയുടെ നടപടിയിൽ തിരുത്തലുണ്ടായില്ലെങ്കിൽ പാർട്ടി വിടാനൊരുങ്ങുകയാണ് കരുവിശേരിയിലെ ഒരു വിഭാഗം പ്രവർത്തകർ.