കൊല്ലം: നടനും എംഎൽഎയുമായ എം. മുകേഷിന് സിപിഎം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന ുറിപ്പോർട്ട്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളിൽ മുകേഷിന്റെ ഫോട്ടോ ഉൾപ്പെടുത്തേണ്ട എന്നുമാണ് പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം.
ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മുകേഷിനെതിരേ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും മുകേഷിന്റെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് താൽകാലിക വിലക്കെന്നാണു സൂചന.
അതേ സമയം എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ പ്രമുഖ നേതാക്കൾ പരമാവധി വിട്ടുനിൽക്കും,സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതിയിൽ മുകേഷിന്റെ പേരുണ്ട്. മുകേഷിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പാണ് സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്.
മുകേഷിന് എതിരെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചതോടെ കൊല്ലത്തെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി എന്നതാണ് വാസ്തവം.പാർട്ടി സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പത് വരെയാണു കൊല്ലത്ത് നടക്കുന്നത്. അതിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മുകേഷിന് എതിരേയുള്ള കേസ് മങ്ങൽ ഏൽപ്പിക്കുമോ എന്ന ആശങ്ക പാർട്ടി ജില്ലാ നേതൃത്വത്തെ അലട്ടുന്നുമുണ്ട്.
മാത്രമല്ല പ്രതിപക്ഷത്തെ പ്രധാന സംഘടനകളെല്ലാം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും തുടങ്ങിക്കഴിഞ്ഞു.മുകേഷിന്റെ ഓഫീസിലേക്കും വസതിയിലേക്കുമാക്കെ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റെ യും ബിജെപിയുടെയും നേതൃത്വത്തിലും അവരുടെ പോഷക സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. മുകേഷ് രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ഈ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സമരങ്ങൾക്ക് ലഭിക്കുന്ന ജനപിന്തുണയും സിപിഎം ജില്ലാ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകളും തൊഴിലാളി സംഗമങ്ങളും ഇതര പരിപാടികളും കൊല്ലത്തും ജില്ലയിൽ ഉടനീളവും നടന്നുവരികയാണ്. ഈ പരിപാടികൾക്ക് കാര്യമായ മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല എന്ന പരിഭവവും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്.
അതേ സമയം മുകേഷിനെതിരായ പ്രതിഷേധം എല്ലാ ദിവസവും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നു.ഇതിനിടയിൽ കോടതി വിധി വരുന്നതുവരെ മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോടെ ജില്ലാ നേതൃത്വം കൂടുതൽ പരുങ്ങലിലായി.
മുകേഷിനെതിരേ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ശേഷം കൊല്ലത്ത് പാർട്ടി നേതൃത്വം കാര്യമായ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സെക്രട്ടറി അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് കൂടുതൽ പ്രതികരണത്തിന് ഇല്ല എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
- എസ്.ആർ. സുധീർ കുമാർ