മുക്കം: മുക്കം നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടി യുഡിഎഫിനു ലഭിച്ചു.
നേരത്തെ ലഭിച്ച വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടിയാണ് അപ്രതീക്ഷിതമായി യുഡിഎഫിന് ലഭിച്ചത്. സിപിഎം അംഗം ഇ.സത്യനാരായണന്റെ വോട്ട് അസാധുവായതാണ് ഇടത് മുന്നണിക്ക് തിരിച്ചടിയായത്.
അഞ്ച് അംഗങ്ങളുള്ള വിദ്യാഭ്യാസ കമ്മറ്റിയിൽ സത്യനാരായണന്റെ വോട്ട് അസാധുവായതോടെ ഇരു മുന്നണികൾക്കും രണ്ട് വീതം വോട്ടുകളായി. ഇതോടെ നറുക്കെടുപ്പ് നടക്കുകയും കോൺഗ്രസ് അംഗം എം.മധു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
വോട്ട് അസാധുവായ സത്യനാരായണൻ തന്നെയായിരുന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനാർഥി. വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണിയാണ് മുക്കം നഗരസഭ ഭരിക്കുന്നത്.
നഗരസഭയിൽ ധനകാര്യം ഉൾപ്പെടെ നാലെണ്ണം ഇടതുമുന്നണിക്ക് ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നിക്കാണ്. പി ജോഷില,വേണു കല്ലുരുട്ടി, വിശ്വനാഥൻ, എം.ടി. വേണുഗോപാലൻ ,സാറ കൂടാരം എന്നിവരാണ് അംഗങ്ങൾ.
ഇടത് മുന്നണിക്ക് ലഭിച്ച ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മുൻ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷനായി. വസന്ത കുമാരി, കെ.ബിന്ദു, കൃഷ്ണൻ വടക്കയിൽ,ഫാത്തിമ കൊടപ്പന എന്നിവരാണ് അംഗങ്ങൾ.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിക്കുകയും ഇടതുമുന്നണിക്ക് പിന്തുണ നൽകുകയും ചെയ്ത മുഹമ്മദ് അബ്ദുൽ മജീദ് അധ്യക്ഷനായി.
എം.വി.രജനി ,വളപ്പിൽ ശിവശങ്കരൻ,രാജൻ എടോനി, അബൂബക്കർ എന്നിവർ അംഗങ്ങളാണ്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം പ്രജിതാ പ്രദീപിന് ലഭിച്ചു.
ബിജുനാ മോഹനൻ,നൗഫൽ മല്ലശ്ശേരി,എം.കെ. യാസർ, വസന്തകുമാരി എന്നിവരാണ് അംഗങ്ങൾ.യുഡിഎഫിന് ലഭിച്ച വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ തൂങ്ങുംപുറം വാർഡിൽ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ കെ.കെ.റുബീന അധ്യക്ഷയായി. എ കല്യാണിക്കുട്ടി,അബ്ദുൽ ഗഫൂർ,സകീന ,ഗഫൂർ മാസ്റ്റർ,ബിന്നി മനോജ് എന്നിവരാണ് അംഗങ്ങൾ.