നെടുങ്കണ്ടം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരുചക്രവാഹനം കത്തിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി കത്തിച്ചതാണെന്നു കണ്ടെത്തൽ.
സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതിയും വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല ബ്രാഞ്ച് സെക്രട്ടറി തന്നെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി വ്യാജ പരാതി നൽകിയെന്ന നിഗമനത്തിലാണ് പോലീസ്.സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കത്തിക്കുകയും അതിക്രമം നടത്തുകയും സ്വർണാഭരണം കവർന്നതെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി.
സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിനു നേരെയാണ് അതിക്രമം നടന്നത്. ഷാരോണിന്റെ ബൈക്ക് ആക്രമണത്തിനെത്തിയ സംഘം കത്തിച്ചെന്നായിരുന്നു പരാതി.
കഴിഞ്ഞ ദിവസം രാത്രിയാണ് വട്ടപ്പാറയ്ക്കു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണവും ബൈക്ക് കത്തിക്കലും നടന്നത്. പാർട്ടിയിൽ ചേരി തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലാണ് ആക്രമണത്തിൽ കലാശിച്ചത്.
സമീപകാലത്ത് സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന രണ്ട് പ്രധാന ലോക്കൽ കമ്മിറ്റി അംഗങ്ങളെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷനിലായ നേതാക്കൾ ചേരിതിരിഞ്ഞ് തർക്കം ഉയർത്തിയതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിനു കാരണം.
ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ ആരോപണ വിധേയരായവർ ബ്രാഞ്ച് സെക്രട്ടറി വാഹനം കത്തിക്കുന്ന വീഡിയോ ദൃശ്യം ഹാജരാക്കിയതാണ് വഴിത്തിരിവായത്.