ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ സീറ്റുകൾ മുഴുവൻ കവർന്നു സിപിഎമ്മും സിപിഐയും മാത്രം മത്സരിക്കുന്ന അവസ്ഥയിൽ ഇടതു മുന്നണിയിൽ സംജാതമായ അമർഷത്തെ പിടിച്ചു നിർത്താൻ സിപിഎം ഘടകകക്ഷികൾക്കു മുന്നിൽ വച്ചിരിക്കുന്നതു വന്പൻ ഓഫർ. ശക്തമായ പ്രതിഷേധം സംജാതമാകുമെന്നുറപ്പുണ്ടായതിരുന്നതു കൊണ്ട് ലോക് താന്ത്രിക ജനതാദൾ ഉൾപ്പെടെയുള്ള കക്ഷികൾക്കു നൽകിയിരിക്കുന്നതു വന്പൻ ഓഫറാണ്.’
വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക ജനതാദൾ, ജനതാദൾ എസ്, ജനതാധിപത്യ കേരള കോണ്ഗ്രസ്, എൻസിപി, കേരള കോണ്ഗ്രസ് ബി, ഐഎൻഎൽ തുടങ്ങിയ എല്ലാ കക്ഷികൾക്കും ഓഫർ നല്കിയതായി അറിയുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദളിനു കൂടുതൽ നിയമസഭ സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനതാദൾ എസിനു നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ നൽകും.
ജനതാധിപത്യ കേരള കോണ്ഗ്രസിനു നിലവിൽ മത്സരിച്ച സീറ്റുകളൊപ്പം കൂടുതൽ ചെയർമാൻ സ്ഥാനങ്ങളും നൽകും. എൻസിപിക്കും ഐഎൻഎല്ലിനും സീറ്റുകളും കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 ലോക്സഭ സീറ്റുകളിൽ സിപിഎം 16ഉം സിപിഐ നാലും സീറ്റുകളിൽ മത്സരിക്കുന്നു. മറ്റു ഘടകകക്ഷികൾക്കൊന്നും സീറ്റില്ല.
എന്നാൽ, ഈ വാഗ്ദാനങ്ങളൊക്കെ വെറും ജലരേഖമാത്രമാണെന്നു പ്രമുഖനായ ഒരു എൽഡിഎഫ് നേതാവ് വ്യക്തമാക്കുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുസമയത്തും ഘടകകക്ഷികളുടെ സീറ്റുകൾ സിപിഎം തട്ടിയെടുക്കും. ഭരണത്തിലെത്തിച്ചേരാൻ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന നിലപാട് സിപിഎം എന്നും സ്വീകരിക്കുന്നതാണെന്നും ഇദ്ദേഹം പറയുന്നു.
മലബാർ മേഖലകളിൽ പ്രത്യേകിച്ചു വടകര, കോഴിക്കോട് , വയനാട് സീറ്റുകളിൽ ശക്തമായ വേരോട്ടമുള്ള ലോക് താന്ത്രിക ജനതാദൾ പാർട്ടി കൂടെ വന്നതോടെയാണ് വടകരയിൽ ജയരാജനെ മത്സരിപ്പിക്കാൻ സിപിഎം തയാറായത്. ആർഎംപിക്കു പഴയതു പോലെ ശക്തിയില്ലെന്നാണ് ഇവർ വിലയിരുത്തുന്നത്. എന്നാൽ, സിപിഎമ്മിന്റെ കണക്കുകൂട്ടൽ തെറ്റുമെന്നാണ് ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കുന്നത്.
നേതാക്കളെ ഒരുവിധം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും അണികളെ ഈ നിലപാടിലേക്കു എത്തിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലും ഇതു തന്നെയാണ് അവസ്ഥ. കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഘടകകക്ഷികളുടെ നില. അതു കൊണ്ട് തന്നെ അമർഷം ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുകയാണ്. എന്നാൽ, തെരഞ്ഞെടുപ്പിൽ അണികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയില്ല.
ജനതാദൾ എസിൽ സീറ്റിന്റെ പേരിൽ പൊട്ടിത്തെറിയാണ്. മറ്റു ഘടകകക്ഷികൾ സിപിഎമ്മിനെതിരേ നില്ക്കുന്പോൾ ജനതാദൾ എസിനുള്ളിൽ ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടമാണ്. പാർട്ടിക്കുള്ളിലെ സംഘർഷം പാർട്ടിയെ ഒരു പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
ജോസ് തെറ്റയിൽ, മാത്യുടി തോമസ്, നീലലോഹിതദാസൻനാടർ തുടങ്ങിയവരെല്ലാം സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിക്കെതിരേയാണ്. മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, കെ. കൃഷ്ണൻകുട്ടി ഗ്രൂപ്പ് അതിനു തയാറാകുന്നില്ല. ഇതു പാർട്ടിയെ ഒരു പൊട്ടിത്തെറിലേക്ക് നയിക്കുകയാണ്.
സിപിഎം 16 സീറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ജനതാദൾ എസ് മത്സരിച്ച കോട്ടയം സീറ്റിലും സിപിഎം മത്സരിക്കുന്നു. കോട്ടയത്തിനു പകരം പത്തനംതിട്ട സീറ്റ് ചോദിച്ചിട്ടും ജനതാദൾ എസിനു നൽകാൻ തയാറായിട്ടില്ല. ഇതെല്ലാം ജനതാദൾ പ്രശ്നമായിരിക്കുകയാണ്.
ജനതാദൾ പിളർന്നാലും മുന്നണിബന്ധം വിച്ഛേദിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് സിപിഎം. കോഴിക്കോട് സീറ്റിന്റെ പേരിൽ എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്കു ചെക്കേറിയ വീരേന്ദ്രകുമാറിന്റെ പാർട്ടിക്കു തിരിച്ചു വന്നിട്ടും കോഴിക്കോട് സീറ്റ് നൽകിയില്ല. യുഡിഎഫിലായിരുന്നപ്പോൾ ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാൽ തിരിച്ചു എൽഡിഎഫിലെത്തിയപ്പോൾ സീറ്റ് ഒന്നും ലഭിച്ചില്ല.