കോട്ടയം: പാലാ സീറ്റിൽ പിടിമുറുക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സിപിഎം രംഗത്തിറങ്ങി. എൻസിപിയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെുടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും സിപിഎം പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചുവെന്നു പറയാം.
ലാക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി തഴേക്കിടയിൽ ചർച്ച നടത്തുന്നതിനൊപ്പം പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം പാർലമെന്റ് മണ്ഡലം കമ്മറ്റി കോട്ടയം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സാന്നിധ്യത്തിൽ ചേർന്നിരുന്നു.
ഇന്നു ചേരുന്ന പാലാ നിയോജക ണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനൊപ്പം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തും. ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് സെക്രട്ടറിയായി പാലാ മണ്ഡലം കമ്മിറ്റി രൂപികരിച്ചു. 10 പഞ്ചായത്തുകൾക്കും പാലാ മുനിസിപ്പാലിറ്റിക്കും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് ചുമതലയും നൽകിക്കഴിഞ്ഞു.
സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപീകരിക്കും. വർഗബഹുജന സംഘടനകളുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തും. പാലാ റിംഗ് റോഡ്, ആശുപത്രി കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രിമാരെ പങ്കെടുപ്പിച്ചു ജനകീയമായി നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
എൻസിപിയുടെ സീറ്റാണെങ്കിലും ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനു പ്രസ്റ്റീജ് പ്രശ്നമാണ്. സിപിഐ അടുത്തമാസം മുതൽ തെരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം തല ക്യാന്പുകൾ നടത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലം ക്യാന്പാണ് ആദ്യം. സ്വന്തം നിലയിൽ പ്രോഗ്രാമുകളുമായി എൻസിപിയും രംഗത്തുണ്ട്.