പാലക്കാട്: പാലക്കാട് നെന്മാറയിൽ കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചതായി പുതിയ വിവരം.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയാണ് പഞ്ചായത്തംഗം അമീർജാനെ ഫോണിൽ വിളിച്ചതായുള്ള വിവരം പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ് സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പോലീസ് കേസെടുത്തിട്ടുണ്ട്. സുബൈർ അലിക്കായി പോലീസ് തമിഴ്നാട്ടിൽ തെരച്ചിൽ നടത്തി വരികയാണ്.
നിലവിൽ സുബൈർ അലിയുടെ മൊബൈൽ ഫോണ് ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ സുബൈർ അലി എവിടേക്കാണ് പോയെന്ന് അടുത്ത ബന്ധുക്കൾക്കും അറിയില്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുതലാണ് നെന്മാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ഇക്കഴിഞ്ഞ നാലാം തിയതി തന്റെ ക്യാബിനിലെത്തി സിപിഎം മെന്പർമാർ വൈസ് പ്രസിഡന്റിന്റെെ നേതൃത്വത്തിൽ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തിൽ പറയുന്നു.കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തിൽ സൂചനയുണ്ട്.