പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് സിപിഎം പന്തളം ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്ഷകുമാറിനു പന്തളത്തിന്റെ ചുമതല നല്കി.
ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിനെയും പന്തളം ഏരിയയുടെ പാര്‍ട്ടി ചുമതലയില്‍ നിന്നു മാറ്റിയിട്ടുണ്ട്. സംസ്ഥാന സമിതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം.
സിപിഎം ഭരണത്തിലായിരുന്ന പന്തളം നഗരസഭ ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയത് എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയുമായി.
സംഘടനാപരമായ വീഴ്ച
ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച പന്തളത്ത് സംഘടനാപരമായ വീഴ്ചകളാണ് തിരിച്ചടിക്കും ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിനും കാരണമായതെന്ന് സിപിഎം വിലയിരുത്തിയിരുന്നു. പ്രചാരണത്തില്‍ വലിയ വീഴ്ചയുണ്ടായി.
സാമുദായിക ധ്രുവീകരണമാണ് പന്തളത്തെ തോല്‍വിയിലേക്കു നയിച്ച മറ്റൊരു ഘടകം. ഇതു മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിനു വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
2015ല്‍ 15 സീറ്റുകളോടെ ഭരണം നേടിയ എല്‍ഡിഎഫിന് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ഏഴ് സീറ്റുണ്ടായിരുന്ന ബിജെപി 18 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. ഇടതു ശക്തികേന്ദ്രങ്ങളും ബിജെപി പിടിച്ചെടുത്തു.
ന്യൂനപക്ഷ സമുദായ വോട്ടുകള്‍ അടക്കം ബിജെപിയിലേക്ക് കേന്ദ്രീകരിച്ചതിനു പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ നയപരമായ ഇടപെടലുകളിലുണ്ടായ പാളിച്ചയെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ സ്ഥാനാര്‍ഥികളാക്കി ബിജെപി പല വാര്‍ഡുകളും നേടുകയായിരുന്നു.
തോല്‍വിയും പരാതികളും അന്വേഷിക്കും
സിപിഎം സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ഉറച്ച മണ്ഡലങ്ങളില്‍ പരാജയപ്പെട്ടതും ചിലയിടങ്ങളില്‍ എല്‍ഡിഎഫ ്സ്ഥാനാര്ഥികള് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടതും അന്വേഷണത്തിന്.
ജില്ലാ പഞ്ചായത്ത് ഏനാത്ത് മണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹര്‍ഷകുമാറിന്റെ തോല്‍വിയാണ് ഇതില്‍ പ്രധാനം. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എല്‍ഡിഎഫ് സ്ഥിരമായി വിജയിച്ചുവന്ന മണ്ഡലത്തില്‍ ഇത്തവണ 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ സി. കൃഷ്ണകുമാര്‍ വിജയിച്ചത്.
പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോഴും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് പല ബൂത്തുകളിലും പിന്നിലാകുകയായിരുന്നു.
ഘടകകക്ഷികളുടെ പരാതി
എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി എസ്ഡിപിഐ, ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ വോട്ടു ചോര്‍ച്ചയെ സംബന്ധിച്ച് നിരവധി പരാതികളും സിപിഎം നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. സിപിഎമ്മിനെ കൂടാതെ ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിച്ചു പരാജയപ്പെട്ട വാര്ഡുകളുമാണിത്.
എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ടായിരുന്ന വാര്‍ഡുകളില്‍ എസ്ഡിപിഐ, ബിജെപി വാട്ടുകള്‍ കൂടുകയും തങ്ങള്‍ മൂന്നാംസ്ഥാനത്താകുകയും ചെയ്തതിനു പിന്നില്‍ ഗുരുതരമായ ആരോപണങ്ങളാണ് സ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നവര്‍ ഉന്നയിച്ചിരിക്കുന്നത്.
പത്തനംതിട്ട നഗരസഭയില്‍ വോട്ടു മറിച്ചതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളില്‍ നിന്നടക്കം സിപിഎം നേതൃത്വത്തിനു ലഭിച്ചിട്ടുള്ള പരാതികളും അന്വേഷിക്കും.
എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ട പത്തനംതിട്ട നഗരസഭ പത്താംവാര്‍ഡില്‍ നിന്നുള്ള പരാതി ഗൗരവത്തിലെടുക്കുമെന്നാണ് സൂചന. എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫിലെ വോട്ടുചോര്‍ച്ചയെ സംബന്ധിച്ചാണ് പരാതി.
സിപിഐയാണ് വാര്‍ഡില്‍ മത്സരിച്ചത്. തൊട്ടടുത്ത വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ എസ്ഡിപിഐ നേടിയ വിജയം എല്‍ഡിഎഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടുള്ളതാണെന്നാണ് ആക്ഷേപം.