മധുര: നാളെ സമാപിക്കുന്ന സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചർച്ച തുടങ്ങി. കേരളത്തിൽനിന്ന് പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നീ മൂന്ന് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് നിർദേശിക്കുന്നു. കേരളത്തിലെ സംഘടനാ പ്രവർത്തനം ശരിയായ രീതിയിലാണെന്നും മറ്റിടങ്ങളിൽ വ്യതിചലനം ഉണ്ടായതായും സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയുള്ള കേസ് ചർച്ചയിൽ ആരെങ്കിലും ഉയർത്തുമോ എന്നതും കേരളത്തിലെ പാർട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് ആലോചിക്കാൻ ഇന്ന് വൈകുന്നേരം പോളിറ്റ് ബ്യൂറോ യോഗം ചേരും.
നിലവിൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെയും മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളയുടെയും പേരാണ് ഉയർന്നുവന്നിട്ടുള്ളത്. ബൃന്ദകാരാട്ടിനും സുഭാഷിണി അലിക്കും പകരമായി പുതിയ പിബിയിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തും. യു. വാസുകി, കെ. ഹേമലത, മറിയം ധാവ്ലെ, കെ.കെ. ശൈലജ എന്നിവരിൽ രണ്ടുപേർ പിബിയിലെത്തുമെന്നാണ് വിവരം.
കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?
കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് ആരൊക്കെ എത്തും എന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം എ.കെ. ബാലനും പി.കെ. ശ്രീമതിയും കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകൾകൂടി വരും.
തോടെ, മൂന്ന് ഒഴിവുകളാണുള്ളത്. പി.കെ. ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ. മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്തുനിന്നുള്ള ടി.എന്‍. സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍നിന്നുള്ള വനിതാ നേതാവ് പി.കെ. സൈനബയും പരിഗണിക്കപ്പെട്ടേക്കും.
മറ്റു രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ വി.എന്‍. വാസവന്, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. 2022ല്‍ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടത്.
മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഈ മാസം 75 വയസ് തികയുന്ന ടി. പി. രാമകൃഷ്ണനെയും ഇ.പി. ജയരാജനെയും കഴിഞ്ഞമാസം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലെത്താനുള്ള സാധ്യത തുറന്നത്.
യുവാക്കൾക്ക് പ്രാധാന്യം കൊടുക്കുകയാണെങ്കിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പി.കെ. ബിജു, മന്ത്രി എം.ബി. രാജേഷ്, സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം.സ്വരാജ്, മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷ് എന്നിവരുടെ പേരുകളും കേന്ദ്രകമ്മിറ്റിയിലേക്ക് സജീവ പരിഗണനയിലുണ്ട്.നിലവില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് മൂന്ന് ഒഴിവുകളാണ് ഉള്ളതെങ്കിലും കേരള ഘടകത്തിന്റെ പ്രാധാന്യവും അംഗത്വബലവും കണക്കിലെടുത്ത് എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്.