പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം ലഭിക്കണമെന്ന മോഹവുമായി എൽഡിഎഫിലെ കൂടുതൽ കക്ഷികൾ രംഗത്തെത്തി. കഴിഞ്ഞ രണ്ടുതവണയും മത്സരിച്ച സിപിഎമ്മിന്റെ തീരുമാനം നിർണായകം.പത്തനംതിട്ട മണ്ഡലം രൂപീകരിച്ചശേഷം ആദ്യമായി നടന്ന 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. അനന്തഗോപനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
2014ൽ കോണ്ഗ്രസ് വിട്ടെത്തിയ മുൻ എഐസിസി അംഗം ഫിലിപ്പോസ് തോമസിനെ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാക്കി അവതരിപ്പിച്ചു. 2009ൽ എൽഡിഎഫിന്റെ പരാജയം 1,11,206 വോട്ടിന്േറതായിരുന്നുവെങ്കിൽ 2014ൽ അത് 56,191 വോട്ടായി കുറഞ്ഞു. കഴിഞ്ഞതവണ യുഡിഎഫിന് 41.27 ശതമാനവും എൽഡിഎഫിന് 34.81 ശതമാനവും വോട്ടുകൾ മണ്ഡലത്തിൽ ലഭിച്ചപ്പോൾ ബിജെപി 15.98 ശതമാനം വോട്ടുനേടി.
ഇത്തവണ ബിജെപി വോട്ടുകൾ വർധിക്കാനുള്ള സാധ്യത എൽഡിഎഫ് കണക്കുകൂട്ടുന്നു. അത് യുഡിഎഫ് വോട്ടുകളിൽ കുറവുണ്ടാക്കുമെന്നുമാണ് അവരുടെ പക്ഷം. പത്തനംതിട്ടയിൽ നിലവിലെ സാഹചര്യത്തിൽ വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയിലാണ് എൽഡിഎഫ് കക്ഷികൾ രംഗത്തുള്ളത്. സിപിഎം സ്വന്തം സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്ന നിർദേശം തുടക്കത്തിൽ തന്നെയുണ്ടായിരുന്നു.
സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ കെ.ജെ. തോമസിന്റെ പേരാണ് ഉയർന്നുവന്നത്. സിറ്റിംഗ് എംഎൽഎമാരിൽ വീണാ ജോർജോ രാജു ഏബ്രഹാമോ സ്ഥാനാർഥിയാകുമെന്നും പ്രചാരണമുണ്ടായി. എന്നാൽ എംഎൽഎമാർ മത്സരിക്കുന്നതിനെ സിപിഎം നേതൃത്വം അനുകൂലമല്ലെന്നാണ് സൂചന. കഐസ്എഫ്ഇ ചെയർമാൻ കൂടിയായ ഫിലിപ്പോസ് തോമസിനു തന്നെ വീണ്ടും ഒരു അവസരം നൽകണമെന്ന നിർദേശവും ഉണ്ടായി.
എൽഡിഎഫിൽ ജനതാദൾ -എസ്, എൻസിപി, ജനാധിപത്യ കേരള കോണ്ഗ്രസ് എന്നീ കക്ഷികളാണ് പത്തനംതിട്ട സീറ്റിനോട് ആഭിമുഖ്യം കാട്ടിയിട്ടുള്ളത്. മുൻ എംപി കൂടിയായ കെ.ഫ്രാൻസിസ് ജോർജിനെ മുന്നിൽനിർത്തി ജനാധിപത്യ കേരള കോണ്ഗ്രസ് നടത്തുന്ന നീക്കത്തിന് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടിയുണ്ടെന്ന് സൂചനയുണ്ട്. മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനുള്ള സ്വാധീനം വിജയസാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
എൻസിപി മഹാരാഷ്ട്രയിൽ സിപിഎമ്മിന് ഒരു സീറ്റ് വാഗ്ദാനം ചെയ്താണ് പത്തനംതിട്ട ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ താത്പര്യമെന്നും സൂചനയുണ്ട്. ജനതാദൾ -എസ് ജില്ലാ കമ്മിറ്റി പത്തനംതിട്ട സീറ്റ് ആവശ്യപ്പെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
തിരുവല്ല എംഎൽഎ കൂടിയായ മാത്യു ടി.തോമസിനെ സ്ഥാനാർഥിയാക്കണമെന്ന താത്പര്യമാണ് ജനതാദളിനുള്ളത്. മുൻ എംപി കൂടിയായ തന്പാൻ തോമസ് സോഷ്യലിസ്റ്റ് നേതാവെന്ന നിലയിൽ ഇടതു പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായിട്ടുണ്ട്.