കോട്ടയം: സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയ 20 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ വാകത്താനം പോലീസ് കേസെടുത്തു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പിഡിപിപി ആൻഡ് റൈറ്റിംഗ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സിജുവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. സിഎസ്ഡി എസ് പ്രവർത്തകർ എത്തിയ ഓട്ടോറിക്ഷ തല്ലിത്തകർത്തതിനും അവരെ മർദിച്ചതിനും മറ്റൊരു കേസ് കൂടി സിപിഎം പ്രവർത്തകർക്കെതിരേ രജിസ്റ്റർ ചെയ്തു. ഇത് സിഎസ്ഡിഎസ് പ്രവർത്തകനായ സാബു എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തൃക്കോതമംഗലത്തുണ്ടായ സംഘർഷമാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിൽ വരെയെത്തിയത്. തൃക്കോതമംഗലത്ത് നടന്ന സിഎസ്ഡിഎസ് കുടുംബ സംഗമത്തിലാണ് ഇരുവിഭാഗവും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് വാകത്താനം പോലീസ് എത്തി രംഗം ശാന്തമാക്കി. പിന്നീട് കുടുംബ സംഗമം കഴിഞ്ഞ് ഓട്ടോയിൽ ഞാലിയാകുഴിയിൽ എത്തിയവരെ സിപിഎം പ്രവർത്തകർ തടഞ്ഞു.
ഓട്ടോയിൽ മൂന്നു സിഎസ്ഡിഎസ് പ്രവർത്തകരാണുണ്ടായിരുന്നത്. ഇരുപത്തോഞ്ചോളം വരുന്ന സിപിഎം പ്രവർത്തകരെ നേരിടാനാവാതെ അവർ ഓട്ടോ നേരേ വാകത്താനം പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനു മുന്നിൽ ഓട്ടോ നിർത്തി മൂവരും സ്റ്റേഷനിലേക്ക് ഓടിക്കയറി. പിന്നാലെ സിപിഎം പ്രവർത്തകർ പാഞ്ഞടുത്തപ്പോൾ പോലീസ് ഗ്രില്ല് വലിച്ചടച്ചെങ്കിലും സിപിഎം പ്രവർത്തകരെത്തി ഗ്രില്ല് തുറന്ന് അകത്തു കയറി. സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ അവരെ വിടാൻ പോലീസ് തയാറായില്ല. ഇതേ തുടർന്ന് കോപാകുലരായ സിപിഎം പ്രവർത്തകർ മേശപ്പുറത്തിരുന്ന പ്രിന്റർ എടുത്ത് നിലത്തെറിഞ്ഞു. വെള്ളം കുടിക്കാൻ വച്ചിരുന്ന കൂജ താഴെയിട്ടു പൊട്ടിച്ചു. ഇതേ സമയം പാറവുകാർ ഉൾപ്പെടെ മൂന്നു പോലീസുകാർ മാത്രമേ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളു. പോലീസിനു നേരേ ഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർ പുറത്തിറങ്ങി സിഎസ്ഡിഎസ് പ്രവർത്തകർ വന്ന ഓട്ടോയുമായി കടന്നു.
ഓട്ടോ പിന്നീട് ഞാലിയാകുഴിയിൽ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ തല്ലിത്തകർത്ത നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലെ അക്രമ സംഭവങ്ങൾ നടക്കുന്പോൾ എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തൃക്കോതമംഗലത്തായിരുന്നു. കുടുംബയോഗം കഴിഞ്ഞ് മടുങ്ങുന്പോൾ സംഘർഷ സാധ്യതയുണ്ടെന്നു കണക്കിലെടുത്ത് അവിടെ പട്രോളിംഗ് നടത്തി വരികയായിരുന്നു പോലീസ് സംഘം.