ഈരാറ്റുപേട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്ത നേതൃത്വത്തിന്റെ തീരുമാനം ഇന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. നാളെ നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും. നടപടി വിവേചനമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് ചുമതലകളുണ്ടായിരുന്ന നാല് ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ രണ്ട് പേര്‍ക്കെതിരേ മാത്രമാണ് നടപടി ഉണ്ടായിരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട തീക്കോയി പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മറ്റിയിലെ വനിതാ മെംബറെയും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗത്തെയും അച്ചടക്ക നടപടിയില്‍ നിന്നൊഴിവാക്കിയതിനെതിരേയും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. തീക്കോയിയില്‍ 600 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായിരുന്നു. പൂഞ്ഞാറിലും പൂഞ്ഞാര്‍ തെക്കേക്കരയിലും ദയനീയമായ നിലയില്‍ പാര്‍ട്ടി കൂപ്പുകുത്തി.
എന്നാല്‍ നടപടിക്ക് വിധേയനായ അംഗം ചുമതലയുണ്ടായിരുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇടതു സ്ഥാനാര്‍ഥി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. പി.സി.ജോര്‍ജിനുവേണ്ടി പരസ്യ നിലപാട് സ്വീകരിച്ചുവെന്ന് അണികള്‍ക്കിടയില്‍ അഭിപ്രായമുള്ള പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായ ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനടക്കമുള്ളവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയതും അണികള്‍ക്കിടയില്‍ വിശദീകരിക്കാനാവാതെ നേതൃത്വം ബുദ്ധിമുട്ടുകയാണെന്നും സംസാരമുണ്ട്.
പി.സി. ജോര്‍ജിനെ സഹായിച്ചു എന്ന പേരില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ പി.സി. ജോര്‍ജിന്റെ പാര്‍ട്ടിയുമായി ഭരണത്തിലുള്ള പങ്കാളിത്തം ഉപേക്ഷിക്കണമെന്ന നിലപാടും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്ത മാകുന്നുണ്ട്.