കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത ശിക്ഷണ നടപടികൾ പൂർത്തിയായി. പൂഞ്ഞാർ ഏരിയാകമ്മിറ്റിയും പുനഃസംഘടിപ്പിച്ചു പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു. നേരത്തെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തിരുന്നു.
ബേബി ജോണ് കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന കമ്മിറ്റി മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് ഏരിയാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന് നിർദേശിക്കുകയും ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ളവർക്കെതിരെ സംഘടന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നേതാക്കൾക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു.ഇന്നലെ രാവിലെ ചേർന്ന പൂഞ്ഞാർ ഏരിയാ കമ്മിറ്റി യോഗം പുതിയ ഏരിയ സെക്രട്ടറിയായി സിഐടിയു ഭാരവാഹിയായ കടനാട്ടിൽനിന്നുള്ള കുര്യാക്കോസ് ജോസഫിനെ തെരഞ്ഞെടുത്തു.
ഏരിയാ കമ്മിറ്റിയംഗങ്ങളായ പി. മുരളീധരൻ (തിടനാട്), എം.ടി. ദേവസ്യ (പൂഞ്ഞാർ), ഇ. നവാസ്, എ.ഐ. നാഷാദ് (ഈരാറ്റുപേട്ട) എന്നിവരെ ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.ഇവരുടെ ഒഴിവിലേക്ക് പിന്നീട് ആളുകളെ ഉൾപ്പെടുത്തും. നേരത്തെ നടപടിയെടുത്ത ഏരിയാ സെക്രട്ടറി കെ.ആർ. ശശിധരനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏതു ലോക്കൽ കമ്മിറ്റിയാണെന്നു പിന്നീട് തീരുമാനിക്കും.
നടപടിക്കു വിധേയനായ ജില്ലാ കമ്മിറ്റിയംഗം വി.എൻ. ശശിധരനെ ഏരിയാ കമ്മിറ്റിയിലേക്കാണു തരംതാഴ്ത്തിയത്.സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ നടപടി ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് നടപടി നേരിട്ട അംഗങ്ങൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകി. സംഘടനാ നടപടിക്കെതിരെ ആരും ശബ്ദം ഉയർത്തിയില്ല.
ഏരിയാ സെക്രട്ടറിയായ കുര്യാക്കോസ് ജോസഫിന്റെ പേരും ജില്ലാ സെക്രട്ടറി നിർദേശിച്ചു.ഈ നിർദേശവും ഏകണ്ഠമായി കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ഏരിയായുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, പ്രഫ. എം.ടി. ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.