പുല്ലാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത പൂവത്തൂര് എ ബ്രാഞ്ചിന്റെ സമ്മേളനം റദ്ദു ചെയ്യാനുള്ള സാധ്യത ഏറി.മുന് ലോക്കല് സെക്രട്ടറിയും, കോയിപ്രം ഗ്രാമപഞ്ചായത്തംഗവുമായ ആര്. രാധാകൃഷ്ണപിള്ളയാണ് വോട്ടിംഗിലൂടെ സെക്രട്ടറിയായത്.
എതിര് സ്ഥാനാര്ഥിയായി മത്സരിച്ച മുന് ബ്രാഞ്ച് സെക്രട്ടറി വിപിന് ചന്ദ്രനെ രണ്ട് വോട്ടുകള്ക്കാണ് രാധാകൃഷ്ണപിള്ള പരാജയപ്പെടുത്തിയത്. ആകെയുള്ള 10 പ്രതിനിധികളില് ആറുപേര് രാധാകൃഷ്ണപിള്ളയ്ക്കും നാലു പേര് വിപിന് ചന്ദ്രനുമാണ് വോട്ടു ചെയ്തത്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണപിള്ള സിപിഎം നേതൃത്വവുമായി അകന്നുനില്ക്കുകയായിരുന്നു. കഴിഞ്ഞിടെയാണ് വീണ്ടും സജീവമായത്. നിലവിലെ പാര്ട്ടി ലോക്കല് കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗവുമായി അടുപ്പം രാധാകൃഷ്ണപിള്ളയ്ക്കാണെന്നും പറയുന്നു.
ബ്രാഞ്ച് സമ്മേളനത്തില് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടായത് ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. സമ്മേളനങ്ങളില് സമവായത്തോടെവേണം സെക്രട്ടറിയും ഉപരി കമ്മിറ്റികളുടെ സമ്മേളനത്തിനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കേണ്ടതെന്ന കര്ശന നിര്ദേശമാണ് സംസ്ഥാന സമിതി കീഴ് ഘടകങ്ങള്ക്ക് നല്കിയത്.
സമ്മേളനങ്ങളില് വോട്ടിംഗിന് പ്രോത്സാഹിപ്പിച്ചാല് വിഭാഗീയതയും അനൈക്യവും ഉണ്ടാകുമെന്നും ഉപരിസമ്മേളനങ്ങളില് തെരഞ്ഞെടുപ്പ് സാധ്യത ഏറെയാണെന്നും നേതൃത്വം കരുതുന്നു.
തെരഞ്ഞെടുപ്പുനടന്ന പൂവത്തൂര് എ ബ്രാഞ്ച് സമ്മേളനത്തില് പങ്കെടുത്ത ഏരിയ കമ്മിറ്റിയംഗം കെ.ബി. ശശിധരന്പിള്ള ലോക്കല് സെക്രട്ടറി സി.എസ്. മനോജ് എന്നിവരോടും നേതൃത്വം വിശദീകരണം ചോദിച്ചുവെന്നാണറിയുന്നത്.