സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നു കാസർഗോഡ് തുടക്കമിടുന്പോൾ കണ്ണൂരിൽ ക്വട്ടേഷൻ-ലഹരി മാഫിയ പ്രതിരോധവുമായി സിപിഎം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ കണ്ണൂരിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി തില്ലങ്കേരിയിൽ ഇന്നു സിപിഎം വിശദീകരണ പൊതുയോഗം നടത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു വൈകുന്നേരം നാലിന് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്നുതന്നെ വൈകുന്നേരം അഞ്ചിന് തില്ലങ്കേരിയിൽ നടക്കുന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
പി. ജയരാജൻ, എം. ഷാജർ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും. പി. ജയരാജൻ എന്തായിരിക്കും യോഗത്തിൽ പറയുകയെന്നത് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നുണ്ട്.
പി. ജയരാജനെ പിന്തുണച്ച് മുൻപുണ്ടായിരുന്ന പി.ജെ. ആർമി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലുണ്ടായിരുന്ന, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പാർട്ടി പറഞ്ഞതുകൊണ്ടാണ് തങ്ങൾ കൊലപാതകം നടത്തിയതെന്നായിരുന്നു ഒരു വെളിപ്പെടുത്തൽ. ഇതേത്തടർന്നു സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും ആകാശ് തില്ലങ്കേരിയുടെ സംഘവും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ കൊലവിളികൾ നടത്തി വരികയായിരുന്നു.
പ്രകോപനം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം അണികളോട് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ഇതിനു തയാറായില്ല.
ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെയും ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനും പാർട്ടിക്കെതിരായ നുണ പ്രചരണങ്ങളെ തുറന്നു കാട്ടാനുമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് തില്ലങ്കേരിയിൽ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും ഭിന്നതകൾ സൃഷ്ടിച്ചിരുന്നു. ജനകീയ പ്രതിരോധ യാത്രയ്ക്ക് മുന്നോടിയായി അണികൾക്കിടയിൽ വിശദീകരണം നല്‍കണമെന്ന് സിപിഎം നേതൃത്വം തീരുമാനിക്കുകയും ചെയ്തിരുന്നു.
ആകാശിനെപ്പോലുള്ളവരെ തള്ളിപ്പറയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ വാക്കുകൾക്കു ഏവരും കാതോർക്കുന്നത്.
സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന ആദ്യ യാത്രയാണ് കാസർഗോഡ് ഇന്നു തുടങ്ങുന്നത്.
സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 18ന് തിരുവന്തപുരത്ത് യാത്ര സമാപിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവാണ് ജാഥയുടെ മാനേജര്‍. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ്, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.