കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മുന്‍കാല എതിരാളികളായിരുന്ന ജയ്ക് സി. തോമസോ, റെജി സഖറിയായോ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.
നാളയൊ മറ്റന്നാളോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ടു ചേര്‍ന്ന പുതപ്പള്ളി മണ്ഡലത്തിലെ സിപിഎമ്മിന്റെ മുഴുവന്‍ ലോക്കല്‍ തെരഞ്ഞെടുപ്പു കമ്മറ്റികളിലും ജയ്ക് സി. തോമസിന്റെയും റെജി സഖറിയയുടെയും പേരുകളാണ് ഉയര്‍ന്നത്.
പുതുപ്പളളിയില്‍ യുഡിഎഫ് സഹതാപതരംഗം സൃഷ്ടിക്കുമ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വ്യക്തമായ രാഷ്ട്രീയ പോരാട്ടം നടത്തണമെന്നും ഇതിന് ജയ്ക് സി. തോമസും റെജി സഖറിയയുമാണ് ഏറ്റവും ഉചിതമായ സ്ഥാനാര്‍ഥികളെന്നും എട്ടു പഞ്ചായത്തുകളിലെയും യോഗത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പൊതുസ്വതന്ത്രനെയും കോണ്‍ഗ്രസില്‍നിന്നു ചാടിവരുന്നവരെയും ഒരു കാരണവശാലം സ്ഥാനാര്‍ഥിയാക്കരുതെന്ന പ്രവര്‍ത്തകര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.ഇന്നു വൈകിട്ട് പുതുപ്പള്ളി മണ്ഡലത്തലെ മുഴുവന്‍ ബുത്തു സെക്രട്ടറിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ മന്ത്രി വി.എന്‍. വാസവന്, കെ.കെ. ജയചന്ദ്രന്, പി.കെ. ബിജു എന്നിവര്‍ മണ്ഡലം കമ്മറ്റിയുടെയും ബൂത്ത് സെക്രട്ടറിമാരുടെയും വികാരവും യോഗത്തിലെ കാര്യങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിനെ അറിയിക്കുകയും രണ്ടു പേരുടെ പേരടങ്ങിയ പട്ടിക സമര്‍പ്പിക്കുകയും ചെയ്യും.
നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റാണ് റെജി സഖറിയ.
കഴിഞ്ഞ രണ്ടു തവണ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച ജയ്ക് സി. തോമസ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ്.
സിപിഎം പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയും കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ.എം. രാധാകൃഷ്ണന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇന്നലത്തെ ചര്‍ച്ചയോടെ രാധാകൃഷ്ണന്റെ പേര് ഒഴിവായി.