തൃശൂർ: ആവേശം സിനിമയിൽ ഫഹദിന്റെ രങ്കണ്ണൻ അന്പാനോടു പറയും പോലെ താഴേത്തട്ടിലുള്ള സഖാക്കളോട് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പറഞ്ഞു തുടങ്ങി – സഖാക്കളേ ശ്രദ്ധിക്കണം….ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുടെ കാര്യകാരണങ്ങൾ ചിക്കിചികഞ്ഞും കൊത്തിപ്പെറുക്കിയും ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും കൂട്ടിക്കിഴിക്കലും ഹരണഗുണനങ്ങളും നടത്തി പിരിഞ്ഞതോടെ വരാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് സജ്ജരാകാൻ താഴേത്തട്ടിലുള്ളവർക്ക് പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു.
അന്പാനേ ശ്രദ്ധിക്കണം എന്ന രങ്കണ്ണന്റെ ഡയലോഗു പോലെയാണ് സഖാക്കളേ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നേതാക്കൾ നൽകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പറ്റിയ പിഴവുകൾ ഒരു കാരണവശാലും തദ്ദേശതെരഞ്ഞെടുപ്പിൽ സംഭവിക്കരുതെന്നും ജാഗ്രത വേണമെന്നുമാണ് ഏവരേയും നേതൃത്വം ഓർമപ്പെടുത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഇനി കീറിമുറിക്കലുകൾ വേണ്ടെന്നും ശ്രദ്ധ കൊടുക്കേണ്ടത് അധികം അകലെയല്ലാതെ വന്നുനിൽക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനാണെന്നും നേതാക്കൾ അണികളെയും താഴെത്തട്ടിലുള്ള പ്രവർത്തകരേയും ഓർമപ്പെടുത്തിയിട്ടുണ്ട്.
ബിജെപി സ്ഥാനാർഥി സുരേഷ്ഗോപി വിജയിച്ച തൃശൂർ ലോക്സഭ മണ്ഡലത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്കോർ ചെയ്യാൻ സാധ്യതയേറെയാണെന്നതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഉടനടി ആരംഭിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന പാർട്ടി കുടുംബാംഗങ്ങളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് താഴെത്തട്ടിലെ നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടി അടിയന്തരമായി നിറവേറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പലയിടത്തും പാർട്ടികുടുംബമെന്ന് പറഞ്ഞിരുന്നവരുടെ വീടുകളിൽ നിന്ന് പാർട്ടി വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആ വോട്ടുകൾ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും കൈവിട്ടുപോകാതിരിക്കാനുള്ള തന്ത്രങ്ങളും തിരുത്തലുകളുമാണ് സിപിഎം മെനയുന്നത്.
താഴെത്തട്ടിൽ പ്രത്യേകിച്ച് പാർട്ടി കുടുംബങ്ങളിൽ പ്രാദേശിക നേതാക്കളെത്തി കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ച വോട്ടു ചോർച്ച അടയ്ക്കണമെന്നാണ് മുകളിൽ നിന്നും നൽകിയിട്ടുള്ള നിർദ്ദേശം. പാർട്ടി കുടുംബങ്ങളിൽ പലർക്കും പ്രശ്നങ്ങളുണ്ടെന്നും അവ എന്തെല്ലാമാണെന്ന് മനസിലാക്കി ക്രോഡീകരിച്ച് പ്രശ്നപരിഹാരം സാധ്യമാകുന്ന കാര്യങ്ങളിൽ പരിഹാരം കണ്ടെത്താൻ മടിക്കേണ്ടെന്നും അനുമതി നൽകിയിട്ടുണ്ട്.
നിസാരമെന്ന് തോന്നാവുന്ന പല കാര്യങ്ങളിലും പാർട്ടിയുടെ സഹായമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന തോന്നൽ താഴെത്തട്ടിലുള്ളവർക്കിടയിലുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ തോന്നൽ തിരുത്തലാണ് പ്രധാനമെന്നും നേതാക്കൾ പറയുന്നു. കർശന നിർദ്ദേശവും നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.