കോട്ടയം: പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന ധനവിചാര സദസിൽ കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷകനായെത്തുന്പോൾ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു.
മുന്നണി ബന്ധങ്ങളുടെ അതിരുകൾ ലംഘിച്ച് സിപിഎം വേദികളിൽ സാന്നിധ്യമായിട്ടുള്ള കെ.എം. മാണിയുടെ മുഖമാണ് സിപിഎം നേതാക്കളും പ്രവർത്തകരും ഓർക്കുന്നത്. നിരവധി സിപിഎം സമ്മേളനങ്ങളിൽ കെ.എം. മാണി പ്രഭാഷകനായിട്ടുണ്ടെങ്കിലും മകൻ ജോസ് കെ. മാണി ആദ്യമായാണ് സിപിഎം സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനാകുന്നത്.
2011ൽ ധനമന്ത്രിയായ ശേഷമാണ് കെ.എം. മാണി സിപിഎം സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലും ത്യശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും കെ.എം. മാണിയെത്തി.
കോട്ടയം ദേശാഭിമാനി പ്രസിന്റെ ഉദഘാടനത്തിൽ കെ.എം. മാണിയോടൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തിരുന്നു. പങ്കെടുത്ത സമ്മേളനളിലെല്ലാം പിണറായി വിജയന്റെയും കോടിയേരി ബാലക്യഷ്ണന്റെയും സാനിധ്യമുണ്ടായിരുന്നു. കെ.എം. മാണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് സിപിഎം പരസ്യമായി ആവശ്യപ്പെട്ട സന്ദർഭവുമുണ്ടായി.
2018 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രഭാഷകനായാണ് ഒടുവിൽ കെ.എം. മാണി സിപിഎം വേദിയിലെത്തിയത്. കെ.എം. മാണി ഇടതു മുന്നണിയിലേക്കെന്ന ശ്രുതി പരന്നിരുന്ന കാലത്തായിരുന്നു ത്യശൂർ സമ്മേളനം. എ.കെ.ജിയെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇ.കെ. നായനാരുമായുള്ള ഹൃദയബന്ധവും പങ്കുവച്ചു.
ധനമന്ത്രിയായിരിക്കെ സിപിഎം സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുത്തതാണ് കെ.എം. മാണിയും യുഡിഎഫും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും വാർത്തകളുണ്ടായിരുന്നു. 1981ൽ ഇടതു മുന്നണി വിട്ടെങ്കിലും സിപിഎം നേതാക്കളുമായി കെ.എം. മാണിക്കുണ്ടായിരുന്നത് സവിശേഷ ബന്ധമായിരുന്നു. ജോസ് കെ. മാണിയും കേരള കോണ്ഗ്രസ് എമ്മും പിന്നീട് ഇടതു മുന്നണിയുടെ ഭാഗമായി.