ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ സിപിഎമ്മിന്റെ ഏകപിടിവള്ളിയാണ് കേരളം. അതുകൊണ്ട് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ ദേശീയ നേതാക്കളെല്ലാം കേരളത്തിലേക്കാണ് കണ്ണെറിയുന്നത്. പ്രധാന നേതാക്കളെ കേരളത്തില്‍ നിന്ന് ജയിപ്പിച്ച് പാര്‍ലമെന്റിലെത്തിക്കുക എന്ന മോഹമാണ് സിപിഎം കേന്ദ്രനേതൃത്വം സ്വപ്നം കാണുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് ഇതിനോട് താല്പര്യമില്ല.
കേന്ദ്രത്തില്‍ ഇടതുപിന്തുണയുള്ള ബിജെപിയിതര സര്‍ക്കാര്‍ വന്നാല്‍ വിലപേശല്‍ ശക്തിയായി നില്‍ക്കാനുള്ള നേതൃത്വം സിപിഎമ്മിന് പാര്ലമെന്റിലുണ്ടാകണമെന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഇതിനായാണ് ദേശിയ നേതാക്കളെ കേരളത്തില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ആദ്യ പരിഗണന പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും വൃന്ദാ കാരാട്ടിനുമാണ്.
കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളിലേതെങ്കിലുമാണ് ദേശീയ നേതാക്കള്‍ക്കായി നല്‍കുക. കാരാട്ടാണെങ്കില് കണ്ണൂര്‍ നല്‍കിയേക്കും. പ്രകാശ് കാരാട്ടിനെയോ വൃന്ദയെയോ പാലക്കാട്ട് മത്സരിപ്പിക്കാനും ആലോചനയുണ്ട്. കാരാട്ടിന്റെ ജന്മസ്ഥലം കൂടിയാണ് പാലക്കാട്.
രണ്ടു ടേം പൂര്‍ത്തിയാക്കിയ എം.ബി. രാജേഷിന് വീണ്ടും സീറ്റ് നല്കുന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. പി.കെ. ശശി വിവാദം രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണ്. അതിനാലാണ് ദേശീയ നേതാവിനെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.