കൊല്ലം: വിപ്ലവ രാഷ്ട്രീയത്തിൽനിന്നു മാറി അധികാരരാഷ്ട്രീയം അജണ്ടയാക്കുന്ന സിപിഎമ്മിന്റെ അടിമുടിയുള്ള നയവ്യതിയാനമാണു കൊല്ലം സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്. മൂന്നാമതും പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിലേക്കു ശ്രദ്ധയൂന്നുകയാണു സമ്മേളനം. പാർട്ടിയുടെയും സമ്മേളനത്തിന്റെയും കടിഞ്ഞാൺ പിണറായിക്കുതന്നെ.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിന്റെ പരമ്പരാഗത രീതികളിൽനിന്ന് വ്യതിചലിച്ചാണ് കൊല്ലം സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. സാധാരണരീതിയിൽ പ്രതിനിധി സമ്മേളനത്തിന്റെ തുടക്ക ദിവസം ദേശീയ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും കരട് രാഷ്ട്രീയ പ്രമേയ അവതരണവുമാണ് നടക്കുക. ഇതിന് ശേഷമാണ് മറ്റ് അജണ്ടകൾ അവതരിപ്പിക്കുക.
എന്നാൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസനവുമായി ബന്ധപ്പെട്ട നയരേഖ അവതരിപ്പിക്കുന്നു.മാത്രമല്ല അതിൽ കേന്ദ്രീകരിച്ചാണ് പിന്നീട് കൂടുതൽ സമയവും ചർച്ചകൾ നടക്കുന്നത്. ഇത് പ്രതിനിധികൾക്ക് ഇടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെ നടന്നപ്പോഴൊന്നും വികസനവുമായി ബന്ധപ്പെട്ട് നേതാക്കൾ രേഖയും നയവും പ്രത്യേകം അവതരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നില്ല.
ഇതൊക്കെ തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.പ്രവർത്തന റിപ്പോർട്ടിന്മേലും കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുമുള്ള വിശദവും നിശിതവുമായ ചർച്ചകൾക്ക് ഇതുവഴി അവസരം നിഷേധിക്കപ്പെടുകയാണ്. പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ സംഘടനാ ദൗർബല്യവും രാഷ്ട്രീയ തീരുമാനങ്ങളിലെ ഗുണദോഷ വശങ്ങളുമൊന്നും പൂർണമായി ചർച്ച ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പിണറായിയുടെ നവകേരള വികസന രേഖയുടെ അവതരണത്തോടെ സംഘടനാ റിപ്പോർട്ടും കരട് രാഷ്ട്രീയ പ്രമേയവുമൊക്കെ അപ്രസക്തമാകുകയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ പോലും ഭൂരിപക്ഷം പ്രതിനിധികളും മടിക്കുന്നു.കേരള വികസനവുമായി ബന്ധപ്പെട്ട് മുൻ കാലങ്ങളിൽ സിപിഎം നിരവധി നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിന് കേരള രാഷ്ട്രീയത്തിൽ വലിയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചിരുന്ന പഠന കോൺഗ്രസിലാണ് കേരള വികസനം പാർട്ടി ചർച്ച ചെയ്തിരുന്നത്. അതിപ്പോൾ അടപടലം സംസ്ഥാന സമ്മേളനത്തിലേക്ക് പറിച്ച് നട്ടിരിക്കുന്നു. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അപ്പുറം സർക്കാരിന്റെ അധികാര തുടർച്ചയ്ക്ക് പാതയൊരുക്കുന്ന നിർദേശങ്ങളിൽ ഊന്നിയുള്ള അഭിപ്രായ പ്രകടനങ്ങളിൽ മാത്രം സമ്മേളനം ചുരുങ്ങുന്നു എന്ന് വേണം കരുതാൻ.
ഇത് സിപിഎം എത്തി നിൽക്കുന്ന സംഘടനാപരമായ അപചയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന ആക്ഷേപമുയർ ന്നിട്ടുണ്ട്. ദിശാബോധമില്ലാത്ത സമ്മേളന നടത്തിപ്പിൽ മുതിർന്ന നേതാക്കൾക്കും പല ജില്ലാ കമ്മിറ്റികൾക്കും അമർഷമുണ്ട്. എന്നാൽ അത് പരസ്യമായി പ്രകടിപ്പിക്കാൻ പലരും തയാറാകുന്നില്ല എന്നതാണ് വാസ്തവം.
പ്രായപരിധി ഇളവുപോലും വ്യക്തികേന്ദ്രീകൃതമാകുന്നതിലും എതിർപ്പുണ്ട്. സംഘടനാ റിപ്പോർട്ടിന്മേൽ അടക്കം ഇന്ന് നടക്കുന്ന ചർച്ചകളിൽ നേരിയ തോതിലെങ്കിലും ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ ഉയർന്നേക്കുമെന്നാണു സൂചന.
- എസ്.ആർ. സുധീർ കുമാർ