തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നിയമനിർമാണം നടത്തുന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകും.
ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്കു ശേഷമാകും തീരുമാനിക്കുക. ഓർഡിനൻസ് കൊണ്ടു വന്നാൽ ഗവർണർ ഒപ്പിടുമോ എന്ന ആശങ്കയുള്ളതിനാൽ ബിൽ കൊണ്ടു വരുന്ന കാര്യവും പരിഗണിക്കും.
ചൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമം വേണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു.
കൂടാതെ ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും യോഗത്തില്‍ തീരുമാനം ഉണ്ടാകും.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം അറുപതാക്കി ഉയര്‍ത്തിയതിലെ വിവാദവും സംസ്ഥാന സമിതി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പെന്ഷന് പ്രായം കൂട്ടുന്നത് പാര്‍ട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പാര്‍ട്ടി നയം അല്ലാത്തതിനാലാണ് പിന്‍വലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം.