കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടി ഉയരും. സമ്മേളനം വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. സമ്മേളനം നടക്കുന്ന കൊല്ലം നഗരത്തില്‍ മാത്രമല്ല, ജില്ലയിലൊട്ടാകെ സമ്മേളനത്തിന്റെ അലയൊലികളാണ്. കൊല്ലത്തെ പ്രധാന വീഥികൾ എല്ലാം ചുവപ്പ് തോരണങ്ങളാലും പതാകകളാലും അലംകൃതമായി കഴിഞ്ഞു.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും സജീവമാണ്. സമ്മേളന സന്ദേശമേകി 166 ലോക്കല്‍ കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു.കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാകജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ അതിർത്തിയായ ഏനാത്തു സ്വീകരണം നല്‍കും.
വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു നയിക്കുന്ന ദീപശിഖ ജാഥയ്ക്ക് ഇന്നലെ ഓച്ചിറയില്‍ സ്വീകരണം നല്കി. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത നയിക്കുന്ന ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നുള്ള കൊടിമര ജാഥ ഇന്നു രാവിലെ 9.30ന് ആരംഭിച്ചു. ജാഥകള്‍ ഇന്ന് വൈകുന്നേരം ആശ്രാമം മൈതാനത്ത് സംഗമിക്കും.
ഇതോടൊപ്പം ജില്ലയിലെ 23 രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖാ പ്രയാണങ്ങളും ഇന്നു നടക്കും. ഇവയും വൈകുന്നേരത്തോടെ ആശ്രാമം മൈതാനിയിൽ സംഗമിക്കും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാൽ പതാക ഉയർത്തും.
നാളെ രാവിലെ പ്രതിനിധി സമ്മേളന നഗരിയായ സി. കേശവന് സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ (കോടിയേരി ബാലകൃഷ്ണന് നഗര്‍) സമ്മേളനത്തിന് കൊടി ഉയരും. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്, പിബി അംഗങ്ങളായ എം.എ. ബേബി, ബി.വി രാഘവലു, വ്യന്ദാ കാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജുകൃഷ്ണന്, കേന്ദ്രകമ്മിറ്റി അംഗം എ.ആര്. സിന്ധു എന്നിവര്‍ ഉള്‍പ്പടെ 530 പ്രതിനിധികള്‍ പങ്കെടുക്കും.
കൊല്ലത്ത് മൂന്നാം തവണയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. നേരത്തേ 1971-ലും 1995-ലുമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നത്.ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ മധുരയില്‍ നടക്കുന്ന 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനത്തിനു കൊടിയേറുന്നത്. സമ്മേളനം ഒന്‍പതിന് സമാപിക്കും.
ഇന്നു രാവിലെ മുതൽ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സമ്മേളന പ്രതിനിധികൾ കൊല്ലത്ത് എത്തിത്തുടങ്ങി. എല്ലാവർക്കും നഗരാതിർത്തിയിൽ തന്നെ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ താമസ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വൻ മാധ്യമപ്പടയും കൊല്ലത്ത് ഇതിനകം എത്തിക്കഴിഞ്ഞു. സമാപന ദിവസമായ ഒമ്പതിന് വൈകുന്നേരം നഗരത്തിൽ നടക്കുന്ന 25,000 റെഡ് വോളണ്ടിയർ പരേഡും രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും ആയിരിക്കും സമ്മേളനത്തിന്റെ പ്രധാന ആകർഷണം.
സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ ഫെബ്രുവരി 27 മുതൽ ചരിത്ര പ്രദർശനവും ആരംഭിച്ചിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് ആൾക്കാരാണ് പ്രദർശനം കാണാൻ എത്തുന്നത്. ഒമ്പതിനു സമാപിക്കുന്ന പ്രദർശനം കാണാൻ ആകെ 20 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരം 6.30 ന് ക്യൂഎസി ഗ്രൗണ്ടിൽ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകവും അരങ്ങേറും.
കാര്യപരിപാടികൾ
നാളെ രാവിലെ ഒമ്പതിന് സി. കേശവൻ മെമോറിയൽ ടൗൺ ഹാളിൽ പതാക ഉയർത്തൽ, തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. അതിനുശേഷം രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം എന്നിവയുടെ അവതരണം. പത്തിന് പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരണം. വൈകുന്നേരം 6.30 ന് ക്യൂഎസി ഗ്രൗണ്ടിൽ പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന നവകേരള ഫ്യൂഷൻ.
എന്താകും നവകേരളത്തിന്റെ പുതുവഴികൾ
സമ്മേളനത്തിൽ മുഖ്യ ചർച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരളത്തിന്റെ പുതുവഴികൾ എന്നത് തന്നെയായിരിക്കും. ഭരണത്തുടർച്ചയ്ക്കുള്ള കുറുക്കുവഴികൾ അടക്കം അതിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയത്തിന്റെ വെളിച്ചത്തിൽ ആസന്നമായ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കരുതലോടെ പ്രവർത്തിക്കേണ്ട കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്ത് തീരുമാനമെടുക്കും. എറണാകുളത്തെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടിക്കുള്ളിലും സർക്കാരിലും ഒട്ടേറെ വിവാദങ്ങളും വിഷയങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഇതിന്മേലെല്ലാം വിശദമായ ചർച്ചകളും നടക്കും.
സംസ്ഥാന നേതൃത്വത്തിലുള്ളവരുടെ പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ലന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം കൊല്ലത്ത് അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പുതിയ സംസ്ഥാന ഘടകങ്ങളിൽ ആരൊക്കെ ഒഴിവാക്കപ്പെടും, പുതുമുഖങ്ങൾ ആരൊക്കെ ആയിരിക്കും എന്നറിയാൻ സമ്മേളന സമാപനദിവസം വരെ കാത്തിരിക്കണം.
- എസ്.ആർ. സുധീർ കുമാർ