തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സാലോജിക് വിവാദം ബാധിക്കുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം. രാഷ്ട്രീയപ്രേരിതമായ പ്രശ്നമാണെന്നും തെറ്റായ കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും അണികളെ ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ഇതിനായി ലോക്കൽ, ബ്രാഞ്ച് തലത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും.
ജനങ്ങൾ സംശയം ചോദിച്ചാൽ എന്ത് മറുപടി പറയണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് താഴെതട്ടിലുള്ള പ്രവർത്തകർക്ക് നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് മുതൽ എസ്എഫ്ഐഒ യുടെ അന്വേഷണം വരെയുള്ള കാര്യങ്ങളാണ് പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിക്കിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെയുണ്ടായ വിവാദങ്ങളിൽ പാർട്ടി മറുപടി പറയാത്തതെന്താണെന്ന ചോദ്യങ്ങൾക്കും എന്ത് മറുപടി കൊടുക്കണമെന്ന് അണികളെ നേതൃത്വം പറഞ്ഞ് പഠിപ്പിക്കും.
അതേസമയം എക്സാലോജിക്കിനെതിരെയുള്ള എസ്എഫ്ഐഒ യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലെ ഓഫീസിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആസ്ഥാനത്തും കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐഒ പരിശോധന നടത്തുകയും ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
അടുത്തപടിയായി വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകുമെന്നാണറിയുന്നത്.